SPORTS

വിജയാഘോഷം വിനയായി; അർജന്‍റീന പതാക ഉയര്‍ത്താന്‍ സ്തൂപത്തില്‍ കയറിയ ആരാധകന്‍ താഴെ വീണ് മരിച്ചു

കര്‍ശന നിര്‍ദേശം ലംഘിച്ചാണ് യുവാവ് സ്തൂപത്തില്‍ കയറിയത്. താഴെയിറങ്ങാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല

Author : ന്യൂസ് ഡെസ്ക്

കോപ്പ അമേരിക്ക ഫൈനല്‍ വിജയാഘോഷം നടത്തുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെ ആയിരക്കണക്കിന് ആളുകളാണ് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ തടിച്ചുകൂടിയത്. എന്നാല്‍ ഇത് വലിയ ദുരന്തത്തില്‍ ചെന്ന് കലാശിക്കുകയായിരുന്നു. ബ്യൂണസ് അയേഴ്‌സിലെ സ്തൂപത്തില്‍ കയറി അര്‍ജന്റീനയുടെ പതാക വീശാന്‍ ശ്രമിച്ച ആരാധകന്‍ നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ് മരിച്ചു.

കൊളംബിയക്കെതിരെ ഫൈനല്‍ തുടങ്ങുന്നതിന് മുമ്പാണ് സംഭവം. നഗരത്തിലെ സ്തൂപത്തിലെ ബിഎ സൈനില്‍ അര്‍ജന്റീന പതാക വീശുന്നതിനായി കയറിയതായിരുന്നു യുവാവ്. പെട്ടന്ന് ആ ഇരുപത്തിയൊമ്പതുകാരന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ താഴെവീണ് തല്‍ക്ഷണം മരിച്ചു. കര്‍ശന നിര്‍ദേശം ലംഘിച്ചാണ് യുവാവ് സ്തൂപത്തില്‍ കയറിയത്. താഴെയിറങ്ങാന്‍ പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. എന്നാല്‍ അതിനു മുമ്പേ താഴെ വീണെന്ന് ബ്യൂണസ് അയേഴ്‌സ് സിറ്റി സെക്യൂരിറ്റി മന്ത്രാലയം അറിയിച്ചു.

പ്രാദേശിക സമയം അര്‍ധരാത്രി ഒരു മണി കഴിഞ്ഞാണ് കളി അവസാനിച്ചത്. രണ്ടാംപകുതിയില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ സ്തൂപത്തിന് സമീപം വിജയാഘോഷം നടത്താനായി ഒരുമിച്ചുകൂടി. പുലര്‍ച്ചെ നാലുമണിയോടെ നഗരത്തില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും ആരാധകര്‍ വിസമ്മതിച്ചു. ഇതോടെ ചിലരെ അറസ്റ്റുചെയ്തു.

SCROLL FOR NEXT