ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കാനുള്ള വിപ്ലവകരമായ തീരുമാനവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റ താരങ്ങള്‍ക്ക് പകരം അമ്പയറുടെ അനുമതിയോടെ പകരക്കാരെ ഇറക്കാം. തുടക്കത്തില്‍ ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് അനുമതി നല്‍കുക.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിറ്റാണ്ടുകളായുള്ള ചര്‍ച്ചാ വിഷയമാണ് പരിക്കേറ്റ താരങ്ങളുടെ പകരക്കാര്‍. കഴുത്തിനോ തലയ്‌ക്കോ പരിക്കേറ്റാല്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ പകരക്കാരെ അനുവദിക്കുന്നുണ്ടെങ്കിലും മറ്റ് പരിക്കുകള്‍ക്ക് ഇപ്പോഴും പകരക്കാര്‍ക്ക് അനുമതിയില്ല. 2011 വരെ റണ്ണറെ അനുവദിച്ചിരുന്നെങ്കിലും അതും ഐസിസി വിലക്കി.
കഴിഞ്ഞ ആന്‍ഡേഴ്സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ പരിക്കേറ്റ കാലുമായി ഋഷഭ് പന്തും പരിക്കേറ്റ കൈയ്യുമായി ക്രിസ് വോക്സും കളിക്കാനായി നിര്‍ബന്ധിതരായത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് ഗുരുതര പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ അനുവദിക്കാന്‍ ബിസിസിഐ അനുമതി നല്‍കുന്നത്. ഓരോ മത്സരത്തിന്റെയും ടോസിന് മുന്‍പ് പകരക്കാരായ താരങ്ങളുടെ പട്ടിക ക്യാപ്റ്റന്‍ കൈമാറണം.
ബൗളര്‍ക്ക് പരിക്കേറ്റാല്‍ ബൗളറും ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ ബാറ്ററുമായിരിക്കും ഇറങ്ങേണ്ടത്. വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേറ്റാല്‍ പട്ടികയില്‍ പകരം വിക്കറ്റ് കീപ്പര്‍ ഇല്ലെങ്കിലും മറ്റൊരാളെ ഇറക്കാന്‍ അനുമതി നല്‍കും. പരിക്കിന്റെ ഗുരുതരാവസ്ഥ മാച്ച് റഫറിയുമായും ഡോക്ടറുമായും ചര്‍ച്ച ചെയ്ത ശേഷം അമ്പയറാണ് പകരക്കാരെ ഇറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ആഭ്യന്തരക്രിക്കറ്റില്‍ ടെസ്റ്റ് മത്സരങ്ങളുള്ള ദുലീപ് ട്രോഫി, സികെ നായിഡു ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളിലാണ് ആദ്യം നടപ്പാക്കുക. ഐപിഎല്ലിലും മറ്റ് വൈറ്റ് ബോള്‍ ടൂര്‍ണമെന്റിലും നിലവില്‍ തീരുമാനം നടപ്പാക്കില്ല. ബിസിസിഐ തീരുമാനം ക്രിക്കറ്റിലെ പരിക്ക് സംബന്ധിച്ച ചര്‍ച്ചകളില്‍ നിര്‍ണായകമാകുമെന്നുറപ്പ്.