SPORTS

'ഓൾ റൗണ്ട് ഇന്ത്യ'; ബം​ഗ്ലാദേശിനെ വീഴ്ത്തി, സെമിയിൽ

27 പന്തിൽ നിന്നും 50 റൺസും ഒരു വിക്കറ്റും നേടിയ ഇന്ത്യന്‍ ഉപ നായകൻ ഹാർദിക് പാണ്ഡ്യയാണ് ടീമിന്‍റെ വിജയശിൽപി

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പിലെ ​സൂപ്പർ 8 മത്സരത്തിൽ ബം​ഗ്ലാദേശിനെ 50 റൺസിന് തകർത്ത് ഇന്ത്യ. ജയത്തോടെ ഇന്ത്യ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചു. 27 പന്തിൽ നിന്നും 50 റൺസും ഒരു വിക്കറ്റും നേടിയ ഇന്ത്യന്‍ ഉപ നായകൻ ഹാർദിക് പാണ്ഡ്യയാണ് ടീമിന്‍റെ വിജയശിൽപി. നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവിന്റെ പ്രകടനവും ഇന്ത്യയുടെ വിജയത്തിന് മാറ്റ് കൂട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​​ഗ്ലാദേശിന് പക്ഷെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ തൃപ്തിപ്പെടേണ്ടി വന്നു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ബം​ഗ്ലാദേശിനെ വെടിക്കെട്ട് ബാറ്റിങ്ങോടെയാണ് ഇന്ത്യ വരവേറ്റത്. നായകൻ രോഹിത് ശർമ്മയും വിരാട് കോഹ്‍ലിയും ഇന്ത്യക്കായി മികച്ച തുടക്കം നൽകി. എന്നാൽ നാലാം ഓവറിൽ ഒരു കൂറ്റൻ ഷോട്ടിന് ശ്രമിക്കവെ രോഹിത് ജക്കേർ അലിക്ക് മുന്നിൽ കീഴടങ്ങി. വിരാട് കോഹ്‍ലി 37 റൺസും മികച്ച ഫോമിൽ തുടരുന്ന റിഷഭ് പന്ത് 36 റൺസും നേടി. മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഇന്ത്യയെ സമ്മര്‍ദത്തിലാക്കി മിഡിൽ ഓവറുകളിൽ ബം​ഗ്ലാദേശ് വിക്കറ്റുകള്‍ വീഴ്ത്തുകയും റണ്ണൊഴുക്ക് നിയന്ത്രിക്കുകയും ചെയ്തു. എന്നാൽ, അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ വെടിക്കെട്ട് പുറത്തെടുത്ത് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു. ബം​ഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈനും തൻസിം ഹസനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുഭാ​ഗത്ത് ബം​ഗ്ലാദേശ് തങ്ങളുടെ ഇന്നിങ്സ് പതിഞ്ഞ രീതിയിലായിരുന്നു തുടങ്ങിയത്. കൃത്യ സമയങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയും റണ്ണൊഴുക്ക് നിയന്ത്രിച്ചും ഇന്ത്യ ബം​ഗ്ലാദേശിനെ നിയന്ത്രിച്ചു. നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ 40 റൺസും റിഷാദ് ഹൊസൈൻ 10 പന്തുകളിൽ നിന്നും 24 റൺസും നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ അവർക്കായില്ല. ഇതോടെ, സൂപ്പർ 8ൽ രണ്ട് മത്സരങ്ങളും തോറ്റ ബം​ഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായി. രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.

SCROLL FOR NEXT