Andy murrey 
SPORTS

'ഇത് എന്റെ അവസാന ടൂര്‍ണമെന്റ്'; വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം ആന്‍ഡി മുറേ

എക്‌സിലാണ് മുപ്പത്തിയേഴുകാരനായ മുറേ വിരമിക്കല്‍ ഔദ്യോഗികമായി അറിയിച്ചത്

Author : ന്യൂസ് ഡെസ്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് താരം ആന്‍ഡി മുറേ. ഒളിംപിക്‌സ് വേദി തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്നാണ് മുറേയുടെ പ്രഖ്യാപനം. ഒളിംപിക്‌സ് പുരുഷ സിംഗിള്‍സില്‍ രണ്ട് തവണ സ്വര്‍ണ മെഡല്‍ ജേതാവാണ് മുറേ. പാരീസ് ഒളിംപിക്‌സോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് താരം.

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മുപ്പത്തിയേഴുകാരനായ മുറേ വിരമിക്കല്‍ ഔദ്യോഗികമായി അറിയിച്ചത്. ശനിയാഴ്ച്ചയാണ് റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ടെന്നീസ് മത്സരം ആരംഭിക്കുന്നത്.

2012 ലണ്ടന്‍ ഒളിംപിക്‌സിലാണ് ബ്രിട്ടീഷ് താരമായ ആന്‍ഡി മുറേ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയത്. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയായിരുന്നു സുവര്‍ണ നേട്ടം. പിന്നീട് 2016 റിയോ ഒളിംപിക്‌സിലും മുറേ സ്വര്‍ണം നിലനിര്‍ത്തി. യുവാന്‍ മാര്‍ട്ടിന്‍ ആയിരുന്നു അന്ന് ഫൈനലില്‍ മുറേയുടെ എതിരാളി.

തുടര്‍ച്ചയായ പരിക്കുകളാണ് മുറേയുടെ കരിയറില്‍ വില്ലനായത്. 2019 ല്‍ അദ്ദേഹം ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതികൂടാതെ നിരവധി പരിക്കുകളും താരത്തെ അലട്ടി. നട്ടെല്ലിലെ സിസ്റ്റ് നീക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിംബിള്‍ഡണില്‍ നിന്നും മുറേ പിന്മാറിയിരുന്നു.

SCROLL FOR NEXT