SPORTS

ശ്രീജേഷിന് ആദരം, 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ച് ഇന്ത്യന്‍ ഹോക്കി ടീം; ദ്രാവിഡിന്റെ പാത പിന്തുടരുമെന്ന് താരം

ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേട്ടത്തോടെയാണ് പി ആര്‍ ശ്രീജേഷിന്റെ മടക്കം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടുന്നത്.

Author : ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിച്ച മലയാളി താരം പി.ആര്‍ ശ്രീജേഷിന് ആദരവുമായി ഇന്ത്യന്‍ ഹോക്കി ടീം. താരത്തോടുള്ള ആദരസൂചകമായി ശ്രീജേഷിന്‌റെ 16-ാം നമ്പര്‍ ജേഴ്‌സി ടീം പിന്‍വലിച്ചു.

ജേഴ്‌സി ശ്രീജേഷിന്റെ ഇതിഹാസപൂര്‍ണമായ കരിയറിന് സമര്‍പ്പിക്കുന്നതായി ഹോക്കി ഇന്ത്യ സെക്രട്ടറി ഭോലാ നാഥ് പറഞ്ഞു. ശ്രീജേഷിനെ ജൂനിയര്‍ ടീം കോച്ചായി പ്രഖ്യാപിക്കുമെന്നും ഹോക്കി ഇന്ത്യ അറിയിച്ചിട്ടുണ്ട്.

'ശ്രീജേഷ് ഇനി മുതല്‍ ജൂനിയര്‍ ടീം കോച്ചായി ചുമതലയേല്‍ക്കും. അദ്ദേഹത്തിന്റെ 16-ാം നമ്പര്‍ ജേഴ്‌സി ഞങ്ങള്‍ പിന്‍വലിക്കുകയാണ്. അതേസമയം ജൂനിയര്‍ ടീമിലെ 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കില്ല,' എന്നായിരുന്നു ഭോലാ നാഥ് സിംഗ് പറഞ്ഞത്.


അതേസമയം വിരമിച്ച ശേഷം പരിശീലകനാകാന്‍ തന്നെയായിരുന്നു തനിക്ക് ആഗ്രഹമെന്ന് ശ്രീജേഷും പറഞ്ഞിരുന്നു. എന്നാല്‍ അതെപ്പോള്‍ സംഭവിക്കുമെന്ന് അറിയില്ല. കുടുംബത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അവരില്‍ നിന്ന് കൂടി അഭിപ്രായം തേടുമെന്നും നേരത്തെ ശ്രീജേഷ് പറഞ്ഞിരുന്നു. ജൂനിയര്‍ ടീമിന്റെ പരിശീലകനാകുന്നതിന് താന്‍ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നത് രാഹുല്‍ ദ്രാവിഡിനെയാണെന്നും ശ്രീജേഷ് പറഞ്ഞിരുന്നു.

പാരിസ് ഒളിംപിക്‌സോടെ താന്‍ ഹോക്കിയില്‍ നിന്നും വിരമിക്കുകയാണെന്നാണ് പിആര്‍ ശ്രീജേഷ് അറിയിച്ചത്. ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേട്ടത്തോടെയാണ് പി ആര്‍ ശ്രീജേഷിന്റെ മടക്കം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടുന്നത്. ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ ശ്രീജേഷിന്റെ പ്രകടനം രണ്ട് തവണയും ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. രണ്ട് തവണയും വിജയത്തിന് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ ശ്രീജേഷിന് സാധിച്ചിട്ടുണ്ട്.

SCROLL FOR NEXT