SPORTS

ലങ്കയെ ദഹിപ്പിച്ച് കങ്കാരുപ്പട, വനിത ടി20 ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഓസ്ട്രേലിയ

ബാറ്റിങ് തകർച്ച നേരിട്ട ശ്രീലങ്കയ്ക്കായി നിലാക്ഷി ഡെ സിൽവ 29 റൺസ് നേടി ടോപ് സ്കോററായി

Author : ന്യൂസ് ഡെസ്ക്

വനിത ടി20 ലോകകപ്പിലെ ​ഗ്രൂപ്പ് സ്റ്റേജിൽ ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയൻ വനിതകൾ. ശ്രീലങ്ക ഉയർത്തിയ 94 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ വെറും 14.2 ഓവറിൽ മറികടന്നു. 43 റൺസെടുത്ത് പുറത്താകാതെ നിന്ന ബെത്ത് മൂണിയാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്. മൂന്ന് ശ്രീലങ്കൻ വിക്കറ്റുകൾ പിഴുതെറിഞ്ഞ മേ​ഗൻ ഷട്ടിന്റെ ബൗളിങ് മികവാണ് ശ്രീലങ്കയെ ചെറിയ സ്കോറിലേക്ക് ഒതുക്കിയത്. മൂന്ന് വിക്കറ്റെടുത്ത ഷട്ട് തന്നെയാണ് കളിയിലെ താരം.


ബാറ്റിങ് തകർച്ച നേരിട്ട ശ്രീലങ്കയ്ക്കായി നിലാക്ഷി ഡെ സിൽവ 29 റൺസ് നേടി ടോപ് സ്കോററായി. മെല്ലെപ്പോക്കായിരുന്നെങ്കിലും 23 റൺസ് നേടിയ ഹർഷിത സമരവിക്രമയുടെ പങ്കും ലങ്കയെ വലിയ തകർച്ചയിൽ നിന്നും ഒഴിവാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനൊന്നും ശ്രീലങ്കയ്ക്കായില്ല. ഇന്നിങ്സ് ഓപ്പൺ ചെയ്ത ബെത്ത് മൂണി പുറത്താകാതെ ഒരറ്റത്ത് നിന്നും റൺസ് കണ്ടെത്തിക്കൊണ്ടേയിരുന്നു. പതിനഞ്ചാം ഓവറിൽ ഓസീസ് അനായാസ ജയം സ്വന്തമാക്കുകയും ചെയ്തു.

SCROLL FOR NEXT