SPORTS

വല്ലാത്ത 'സ്ട്രെയ്റ്റ് ഡ്രൈവ്' തന്നെ; ക്രിക്കറ്റ് മാച്ചിനിടെ പന്തിടിച്ച് അംപയർക്ക് സാരമായി പരുക്കേറ്റു!

ബാറ്ററുടെ ഷോട്ട് നേരിട്ട് അംപയറുടെ മുഖത്ത് വന്നിടിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്ററുടെ സ്‌ട്രെയ്റ്റ് ഡ്രൈവ് മുഖത്തിടിച്ച് ഓസ്‌ട്രേലിയന്‍ അംപയർ ടോണി ഡി നോബ്രെഗയ്ക്ക് മുഖത്ത് സാരമായി പരുക്കേറ്റു. ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം. ഒഴിഞ്ഞു മാറാനാകുന്നതിന് മുമ്പേ ബാറ്ററുടെ ഷോട്ട് നേരിട്ട് അംപയറുടെ മുഖത്ത് വന്നിടിക്കുകയായിരുന്നു.

വെസ്റ്റ് ഓസ്ട്രേലിയന്‍ സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ നടന്ന നോര്‍ത്ത് പെര്‍ത്തും വെംബ്ലി ഡിസ്ട്രിക്റ്റും തമ്മിലുള്ള മൂന്നാം ഗ്രേഡ് മത്സരത്തിനിടെയാണ് അംപയര്‍ക്ക് പരുക്കേറ്റത്. ചാള്‍സ് വെയാര്‍ഡ് റിസര്‍വില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. വലത്തേ കണ്ണും കവിളും ചുണ്ടുമെല്ലാം നീരുവന്ന് വീർത്ത നിലയിലാണുള്ളത്.

അംപയറുടെ പരുക്കിൽ വലിയ ആശങ്ക വേണ്ടതില്ലെന്ന് സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. "ടോണിയുടെ മുഖത്തെ എല്ലുകള്‍ക്ക് ഒടിവൊന്നും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യവും നിലവിലില്ല. എങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരുക്കില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ടോണിക്ക് എല്ലാ ആശംസകളും നേരുന്നു," അസോസിയേഷൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

ഇതാദ്യമായിട്ടില്ല ക്രിക്കറ്റിൽ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്. 2019ല്‍ വെയില്‍സില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെ പന്ത് തട്ടി 80 കാരനായ ജോണ്‍ വില്യംസ് എന്ന അംപയര്‍ മരിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ഇസ്രയേലി അംപയറും സമാനമായ രീതിയിൽ മരിച്ചിരുന്നു.

SCROLL FOR NEXT