SPORTS

കോപ്പയോട് ബൈ പറഞ്ഞ് ബ്രസീൽ; ഉറുഗ്വെയോട് ഷൂട്ടൗട്ടിൽ കാലിടറി മടക്കം

വാശിയേറിയ പോരാട്ടത്തിൽ കളിയുടെ നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

കോപ്പയിൽ ഇനി കാനറിപ്പടയുടെ സാംബ താളമില്ല. നിർണായകമായ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഉറുഗ്വെയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോറ്റാണ് ബ്രസീൽ പുറത്തായത്. വാശിയേറിയ പോരാട്ടത്തിൽ കളിയുടെ നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഗോൾരഹിതമായ കളിയിൽ പന്തടക്കത്തിൽ ബ്രസീൽ മുന്നിട്ടു നിന്നെങ്കിലും മുന്നേറ്റനിരയുടെ ആക്രമണങൾക്ക് മൂർച്ച കുറവായിരുന്നു. കളിയിലാകെ ബ്രസീൽ ഏഴ് ഷോട്ടുകൾ മാത്രമാണ് ഉതിർത്തതെങ്കിൽ, 12 ഷോട്ടുകളുമായി ഉറുഗ്വെ മുൻതൂക്കം കാട്ടി.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ആക്രമണം കടുപ്പിച്ചെങ്കിലും ഉറുഗ്വെ പ്രതിരോധം കൂടുതൽ കടുപ്പിക്കുന്നതാണ് കണ്ടത്. ഇതിനിടെ 74-ാം മിനിറ്റില്‍ ഉറുഗ്വെയുടെ നഹിത്താന്‍ നാന്‍ഡസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ പത്തു പേരുമായാണ് ഉറുഗ്വെ മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീലിന്റെ റോഡ്രിഗോയെ അപകടകരമാം വിധം ഫൗള്‍ ചെയ്തതിനായിരുന്നു റഫറി റെഡ് കാര്‍ഡ് നല്‍കിയത്. ഇതോടെ മത്സരം ചൂടുപിടിച്ചു. അവസാന 10 മിനിറ്റ് പത്തു പേരായി ചുരുങ്ങിയിട്ടും കാനറിപ്പടയുടെ ആക്രമണങ്ങളെ ഉറുഗ്വെ പ്രതിരോധിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ബ്രസീലിന്റെ ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റാവോയുടെ കിക്ക് ഉറുഗ്വെ ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷെ തടുത്തിട്ടതോടെ ബ്രസീൽ അപകടം മണത്തു.ഉറുഗ്വെയ്ക്കായി റോഡ്രിഗോ ബെൻ്റാങ്കൂറും ബ്രസീലിന് വേണ്ടി ആന്ദ്രേ പെരേരയും ഗോള്‍നേടി.ഉറുഗ്വെയുടെ ജോര്‍ജിയന്‍ ഡി അരാസ്‌കസ് ലക്ഷ്യം കണ്ടപ്പോള്‍ ബ്രസീലിന്റെ ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

ഉറുഗ്വെ താരം ഹോസ് മരിയ ഗിമിനസിന്റെ ഷോട്ട് തടുത്ത് ബ്രസീല്‍ ഗോളി അലിസണ്‍ ബക്കര്‍ ബ്രസീലിനെ പ്രതീക്ഷകളിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ ബ്രസീലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കാണുകയും ചെയ്തു. എന്നാല്‍ മാനുവല്‍ ഉഗാര്‍ട്ടെ എടുത്ത അവസാന കിക്ക് വലയിലെത്തിയതോടെ ഉറുഗ്വെ സെമിയുറപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ കൊളംബിയയെയാണ് ഉറുഗ്വെ നേരിടുക. ഇന്നു രാവിലെ നടന്ന മറ്റൊരു മത്സരത്തില്‍ പനാമയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കൊളംബിയ സെമിയിലെത്തിയത്.

SCROLL FOR NEXT