മുംബൈ: പ്രശസ്ത ബോളിവുഡ് ചിത്രം '12th ഫെയില്‍' എന്ന സിനിമയിലൂടെ രാജ്യം മുഴുവന്‍ ആരാധിക്കുന്ന യഥാര്‍ത്ഥ നായകന് ഐപിഎസ് ഉദ്യോഗസ്ഥന് മനോജ് ശര്‍മ്മയും ഭാര്യ ഐആര്‍എസ് ഉദ്യോഗസ്ഥ ശ്രദ്ധ ശര്‍മ്മയും മുംബൈ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമിലെത്തി താരങ്ങള്‍ക്ക് ആവേശം പകര്‍ന്നു. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് (എംസിഎ) സംഘടിപ്പിച്ച പ്രത്യേക പ്രചോദന പരിപാടിയിലാണ് മനോജ് ശര്‍മ്മയും ശ്രദ്ധയും പങ്കെടുത്തത്.
ഒരു മണിക്കൂറിലധികം നീണ്ടുനിന്ന സംവാദത്തില്‍ മുംബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്, ഷാര്‍ദുല്‍ താക്കൂര്‍, മുഷീര്‍ ഖാന് തുടങ്ങിയ പ്രമുഖ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്തു. കായികരംഗത്തിന് പുറത്തുനിന്നുള്ള ഒരു യഥാര്‍ത്ഥ പോരാളിയുടെ ജീവിതാനുഭവങ്ങള്‍ താരങ്ങള്‍ക്ക് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംസിഎ പ്രസിഡന്റ് അജിങ്ക്യ നായിക് ഈ പരിപാടി സംഘടിപ്പിച്ചത്.
നിലവില്‍ മുംബൈയില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ ജോയിന്റ് പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന മനോജ് ശര്‍മ്മ, ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും പരാജയങ്ങളെയും അതിജീവിച്ച കഥ താരങ്ങളുമായി പങ്കുവെച്ചു. വലിയ വിജയങ്ങള്‍ കൈവരിക്കുമ്പോള്‍ എളിമ കൈവിടരുതെന്നും, മോശം സമയങ്ങളില്‍ മനസ്സ് പതറാതെ ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം താരങ്ങളെ ഉപദേശിച്ചു. 'വിജയത്തിലെത്തിയ ശേഷം പഴയ സുഹൃത്തുക്കളോടും നമ്മളെ സഹായിച്ചവരോടും ഉള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തരുതെന്ന് മനോജ് സര് ഓര്‍മ്മിപ്പിച്ചു.
സിനിമ കണ്ടിരുന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കേട്ടത് വലിയ പ്രചോദനമായി,' യുവതാരം മുഷീര്‍ ഖാന് പ്രതികരിച്ചു. മുംബൈ കസ്റ്റംസില്‍ ഉദ്യോഗസ്ഥയായ ശ്രദ്ധ ശര്‍മ്മ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമായി. കഠിനമായ ത്യാഗമില്ലാതെ ആര്‍ക്കും സ്വര്‍ഗ്ഗം നേടാനാവില്ലെന്നും, ലക്ഷ്യത്തിലെത്താന്‍ ഓരോ മനുഷ്യനും കഠിനാധ്വാനത്തില്‍ ഉരുകിത്തീരേണ്ടി വരുമെന്നുമുള്ള ശ്രദ്ധയുടെ വാക്കുകള്‍ താരങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്കി.