England vs India Source : X / BCCI
CRICKET

IND vs ENG | ലീഡ്‌സ് ടെസ്റ്റിൽ സെഞ്ച്വറിത്തിളക്കവുമായി ഇന്ത്യൻ താരങ്ങൾ; ഇംഗ്ലണ്ടിനു മുന്നിൽ 371 റൺസ് വിജയലക്ഷ്യം

ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി കുറിച്ച ഋഷഭ് പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറുമടക്കം 118 റണ്‍സെടുത്താണ് പുറത്തായത്

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 371 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സാണ് ഇന്ത്യ നേടിയത്. രാഹുലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറി മികവിലാണ് 364 റണ്‍സ് നേട്ടമുണ്ടായത്. ഒന്നാം ഇന്നിങ്‌സില്‍ ആറു റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയിരുന്നത്.

രണ്ടിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. എട്ടു റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സാണ് പുറത്താക്കിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ - പന്ത് സഖ്യം മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിലും സെഞ്ചുറി കുറിച്ച ഋഷഭ് പന്ത് 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറുമടക്കം 118 റണ്‍സെടുത്താണ് പുറത്തായത്. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 195 റണ്‍സിന്റെ കൂട്ടുകെട്ടിലും പന്ത് പങ്കാളിയായി.

പിന്നീട് രാഹുലും കരുണ്‍ നായരും ചേര്‍ന്ന് സ്‌കോര്‍ 333-ല്‍ എത്തിച്ചു. ഇതിനിടെ രണ്ടാം ന്യൂബോള്‍ എടുത്ത ഇംഗ്ലണ്ട് രാഹുലിനെ പുറത്താക്കി. 247 പന്തില്‍ നിന്ന് 18 ബൗണ്ടറികളടക്കം 137 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. 54 പന്തില്‍ നിന്ന് 20 റണ്‍സെടുത്താണ് കരുണും ക്രീസ് വിട്ടത്. 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് സ്‌കോര്‍ 364-ല്‍ എത്തിച്ചത്.

SCROLL FOR NEXT