CRICKET

അഭിഷേകിന്റെ അതിവേഗ സെഞ്ച്വറി, സഞ്ജുവിന്റെ രണ്ടാം ഫിഫ്റ്റി, കൊടുങ്കാറ്റായി ബൗളര്‍മാര്‍... ഇന്ത്യക്ക് പരമ്പര സ്വന്തം

നിതീഷ് കുമാര്‍ റെഡ്ഡിയും, രവി ബിഷ്ണോയിയും ചേര്‍ന്നാണ് അഫ്‌ഗാന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് അതിവേഗം അറുതി വരുത്തിയത്

Author : ന്യൂസ് ഡെസ്ക്

അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര സമ്പൂര്‍ണ വിജയത്തോടെ സ്വന്തമാക്കി ഇന്ത്യ. ആദ്യ രണ്ട് മത്സരകളും ജയിച്ച ഇന്ത്യ മൂന്നാം മത്സരം 127 റണ്‍സിനാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മയുടെ റെക്കോഡ് വേഗത്തിലുള്ള സെഞ്ച്വറിയും, സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ഏഴ് വിക്കറ്റിന് 221 റണ്‍സെടുത്തു. അഫ്‍ഗാന്റെ മറുപടി 10 ഓവറില്‍ 94 റണ്‍സില്‍ അവസാനിച്ചു. നിതീഷ് കുമാര്‍ റെഡ്ഡിയും, രവി ബിഷ്ണോയിയും ചേര്‍ന്നാണ് അഫ്‌ഗാന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് അതിവേഗം അറുതി വരുത്തിയത്. അഭിഷേകാണ് കളിയിലെ താരവും, പരമ്പരയുടെ താരവും.

അതിവേഗ സെഞ്ച്വറിയുമായി അഭിഷേക് അഫ്ഗാൻ ബൗളർമാരെ നിലംപരിശാക്കിയപ്പോള്‍ സഞ്ജു ഒപ്പം നിന്നു. 30 പന്തില്‍ അഭിഷേക് 100 തികച്ചു. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് പുറത്തായത്. 11 സിക്സും ഒമ്പത് ഫോറും പിറന്നു. സഞ്ജു അർധ സെഞ്ചുറിയോടെ തിളങ്ങി. 35 പന്തില്‍ നാല് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. തിലക് വർമ രണ്ട് റൺസിൽ റണ്ണൗട്ടായി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (29), ശിവം ദുബെയും (14) അതിവേഗം സ്കോര്‍ ഉയര്‍ത്തി. ഇഷാന്‍ കിഷന്‍ (10), നിതീഷ് കുമാര്‍ റെഡ്ഡി (1), അക്സല്‍ പട്ടേല്‍ (പുറത്താകാതെ 5), രവി ബിഷ്ണോയി (പുറത്താകാതെ പൂജ്യം) എന്നിവരുടെ ചെറിയ സംഭാവനകള്‍ക്കൊപ്പം 221 റണ്‍സിന്റെ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യ ഓവറുകളിൽ അടിച്ചുതുടങ്ങിയെങ്കിലും പിന്നീട് ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസെന്ന നിലയിലായിരുന്നു അഫ്ഗാൻ. നാലാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി അക്സർ പട്ടേൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. റഹ്‌മാനുള്ള ഗുർബാസ് (15), സെദിഖുള്ള അത്തൽ(1) എന്നിവരെയാണ് അക്ഷർ മടക്കിയത്. ദാർവിഷ് റസൂലി(0), ഇബ്രാഹിം സദ്രാൻ(25) എന്നിവർ കൂടി പുറത്തായതോടെ അഫ്ഗാൻ 47-4 എന്ന നിലയിലായി. അസ്മത്തുള്ള ഒമർസായിയും (17) നൂർ ഉൾ റഹ്‌മാനും (11) രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് നബി(8), മുജീബ് റഹ്‌മാൻ(0), റാഷിദ് ഖാൻ(6), അബ്ദുല്ല അഹ്‌മദ്‌സായ് (6) എന്നിവർ വേഗം മടങ്ങി. റണ്ണൊന്നുമില്ലാതെ ഫസല്‍ഫഖ് ഫറൂഖി പുറത്താകാതെ നിന്നു.

നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റെടുത്തു. അക്സര്‍ പട്ടേല്‍ രണ്ടും, ജസ്പ്രീത് ബൂമ്രയും യാഷ് താക്കൂറും ഓരോ വിക്കറ്റും നേടി.

SCROLL FOR NEXT