ആർസിബിക്കെതിരായ വെള്ളിയാഴ്ചത്തെ ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഓപ്പണർ അഭിഷേക് ശർമ തട്ടുപൊളിപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 17 പന്തുകൾ നേരിട്ട അഭിഷേക് മൂന്ന് സിക്സറും മൂന്ന് ഫോറുകളും സഹിതമാണ് അതിവേഗം 34 റൺസ് വാരിയത്. 200ന് മുകളിലായിരുന്നു ശർമയുടെ സ്ട്രൈക്ക് റേറ്റ്. 3.3 ഓവറിൽ ഹൈദരാബാദ് അമ്പത് റൺസ് പിന്നിടുകയും ചെയ്തു.
എന്നാൽ, മുൻ ടീമിനെതിരെ ആദ്യ ഓവർ എറിയാനെത്തിയ ഭുവനേശ്വർ കുമാറിനെ കണക്കിന് പ്രഹരിച്ചാണ് അഭിഷേക് മടക്കിയത്. ഈ ഓവറിൽ 18 റൺസാണ് പിറന്നത്. ഒരു സിക്സും രണ്ട് ഫോറുകളും പിറന്ന രണ്ടാമത്തെ ഓവറിൽ മറ്റൊരു കൗതുകം കൂടി സംഭവിച്ചു.
ഓവറിലെ അഞ്ചാം പന്ത് ഓഫ് സൈഡിന് പുറത്ത് ഷോർട്ട് ഓഫ് ലെങ്ത്തായാണ് ഭുവി എറിയാൻ ശ്രമിച്ചത്. എന്നാൽ പന്തിൻ്റെ ഗതി കൃത്യമായി മനസിലാക്കിയ അഭിഷേക് ശർമ ഡീപ്പ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സർ പായിക്കുന്ന കാഴ്ചയാണ് കണ്ടത്.
കൃത്യമായി മിഡിൽ ചെയ്ത പന്ത് ആകാശത്ത് കൂടി പറന്നിറങ്ങിയത് ഗ്രൗണ്ടിൽ പരസ്യത്തിൻ്റെ ഭാഗമായി പ്രദർശിപ്പിച്ചിരുന്ന ടാറ്റ കർവ് കാറിൻ്റെ മുകളിലായിരുന്നു. എസ്‌യുവി കർവ് (Curvv.ev) കൂപ്പെ കാറിൻ്റെ ഫ്രണ്ട് ഗ്ലാസിന് മുകളിലാണ് പന്ത് പതിച്ചത്. പന്ത് പതിച്ച ഭാഗത്ത് വട്ടത്തിൽ പൊട്ടൽ ദൃശ്യമാകുകയും ചെയ്തു. എന്നാൽ അഭിഷേക് ഇതൊന്നും കാര്യമാക്കാതെ തന്നെ ബാറ്റിങ് തുടരുകയും ചെയ്തു. വീഡിയോ കാണാം