റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വാങ്ങുന്നുവെന്ന സൂചന നല്‍കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ ആദാര്‍ പൂനാവാല. ഏറെ നാളായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കാണ് ആദാര്‍ പൂനാവാല സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
ആര്‍സിബി സ്വന്തമാക്കാന്‍ വരും മാസങ്ങളില്‍ ശക്തവും മത്സരപരവുമായ ലേലം വിളിക്കുമെന്ന് ആദാര്‍ വ്യക്തമാക്കി. ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ ആര്‍സിബിക്ക് വേണ്ടി ബിഡ് സമര്‍പ്പിക്കുമെന്ന് എക്‌സിലൂടെയാണ് ആദാര്‍ അറിയിച്ചത്.
നിലവില്‍ ഡിയാജിയോയുടെ യുണൈറ്റഡ് സ്പിരിറ്റ്സ് ആണ് ആര്‍സിബിയുടെ ഉടമകള്‍. ആര്‍സിബിക്കായി 2 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,83,296 കോടിയിലധികം രൂപ)യാണ് ഉടമകള്‍ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ല്‍ ഐപിഎല്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ആര്‍സിബി വില്‍ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. മദ്യവിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡിയാജിയോ, കായിക മേഖലയില്‍ നിന്നുള്ള തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
ആദാര്‍ പൂനാവാലയുടെ പേര് ആ സമയം മുതല്‍ കേട്ടു തുടങ്ങിയിരുന്നു. ആദാറിനൊപ്പം മറ്റ് പല വ്യവസായികളും ആര്‍സിബിക്കായി രംഗത്തുണ്ടെന്നാണ് സൂചന. ഈ വര്‍ഷത്തെ ഐപിഎല്ലിന് മുന്നോടിയായി ഉടമസ്ഥാവകാശം മാറിയേക്കും.