അണ്ടര്‍ 19 ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്കും അപ്‌ഗ്രേഡ്. അണ്ടര്‍-19 ലോകകപ്പ് കിരീടം നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടം ഇനി മാത്രെയ്ക്ക് മാത്രം സ്വന്തം. വിരാട് കോഹ്ലി, മുഹമ്മദ് കൈഫ് എന്നിവരുള്‍പ്പെടെയുള്ള എലൈറ്റ് പട്ടികയിലേക്കാണ് ആയുഷും ഇടംപിടിച്ചത്.
ടൂര്‍ണമെന്റില്‍ മോശം ഫോമിലായിരുന്ന മാത്രെ നിര്‍ണായക സമയത്ത് ക്യാപ്റ്റന്റെ ഉത്തരവാദിത്തം കൂടി കാണിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ബാറ്റിങ്ങില്‍ പതറിയ മാത്രെ, സെമി മുതല്‍ കളി മാറ്റി. സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെയും ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും അര്‍ധ സെഞ്ച്വറികള്‍ നേടി കരുത്ത് തെളിയിച്ചു.
ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 214 റണ്‍സാണ് മാത്രെ നേടിയത്. ബൗളിങ്ങിലും തിളങ്ങിയ താരം പാകിസ്ഥാനെതിരെയുള്ള മൂന്ന് വിക്കറ്റ് അടക്കം ആകെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.
അണ്ടര്‍ 19 ലോകകപ്പ് നേടിയവരുടെ പട്ടികയിലും താരം ഇടംനേടി. പട്ടികയില്‍ നേരത്തെ ഇടംപിടിച്ചവരെല്ലാം പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരങ്ങളായി മാറിയ ചരിത്രമാണുള്ളത്.
അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍
മുഹമ്മദ് കൈഫ് (2000)
വിരാട് കോഹ്ലി (2008)
ഉന്മുക്ത് ചന്ദ് (2012)
പൃഥ്വി ഷാ (2018)
യഷ് ധുള്‍ (2022)
മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ആയുഷ് മാത്രെയേയും വൈകാതെ സീനിയര്‍ ടീമില്‍ കാണാം എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
അണ്ടര്‍ 19 ഫൈനല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ യുവതയുടെ കേളികൊട്ടായിരുന്നു. ഇതാണ് ഇന്ത്യ ലോക ക്രിക്കറ്റിന് വാഗ്ദാനം ചെയ്യുന്ന യുവ താരങ്ങള്‍ എന്നതിന്റെ കേളികൊട്ട്. ഇംഗ്ലണ്ടിനെതിരെ ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ ജയമാണ് ഇന്ത്യയുടെ 100 റണ്‍സിന്റെ വിജയം. 2024-ല്‍ ബെനോണിയില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ നേടിയ 79 റണ്‍സ് വിജയമായിരുന്നു ഇതിനു മുമ്പത്തെ റെക്കോര്‍ഡ്.
2016 മുതല്‍ അണ്ടര്‍-19 ലോകകപ്പില്‍ കളിച്ച 38 മത്സരങ്ങളില്‍ 35 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. 2016, 2020, 2024 വര്‍ഷങ്ങളിലെ ഫൈനലുകളിലായിരുന്നു ഈ മൂന്ന് തോല്‍വികളും.