CRICKET

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായി ഉദിച്ചുയർന്ന് അമൻ മൊഖാഡെ

ഈ സീസണിൽ 90.44 ശരാശരിയിലാണ് അമൻ ബാറ്റ് വീശിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായി ഉദിച്ചുയർന്ന് വിദർഭയുടെ വലങ്കയ്യൻ ബാറ്റർ അമൻ മൊഖാഡെ. സൗരാഷ്ട്രക്കെതിരായ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ 33 റൺസെടുത്ത് പുറത്തായെങ്കിലും ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവുമധികം റൺസ് നേടിയ മൂന്നാമത്തെ താരമായി അമൻ മാറിയിരുന്നു. 814 റൺസാണ് വിദർഭ താരം ഈ സീസണിൽ അടിച്ചെടുത്തത്. 2025-26 സീസണിലെ ടോപ് സ്കോററാണ് അമൻ മൊഖാഡെ. ഈ സീസണിൽ 90.44 ശരാശരിയിലാണ് അമൻ ബാറ്റ് വീശിയത്.

നാരായൺ ജഗദീശൻ 2022-23 സീസണിൽ നേടിയ 830 റൺസിൻ്റെ സർവകാല റെക്കോർഡ് മറികടക്കാൻ 17 റൺസ് കൂടി വേണ്ടപ്പോഴാണ് അമൻ പുറത്തായത്. ഫൈനലിൽ 50 റൺസെടുത്തിരുന്നെങ്കിൽ തമിഴ്‌നാട് താരത്തിൻ്റെ പേരിലുള്ള ലിസ്റ്റ് എ ട്രോഫി റെക്കോർഡ് വിദർഭ താരത്തിന് തകർക്കാമായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ ഭാഗ്യം കൈവിട്ടു.

കർണാടകക്കെതിരായ സെമി ഫൈനലിൽ 122 പന്തിൽ നിന്ന് 138 റൺസ് നേടിയ മൊഖാഡെയുടെ തകർപ്പൻ പ്രകടനം വിദർഭയെ 6 വിക്കറ്റ് വിജയത്തിലേക്കും ഫൈനലിലേക്കും നയിച്ചിരുന്നു. സെമി ഫൈനലിലെ സെഞ്ച്വറി പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന കളിക്കാരനായും അമൻ മാറി. വെറും 16 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

കർണാടകയുടെ ദേവ്ദത്ത് പടിക്കലിനെ (17) മറികടന്ന് ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ഇന്ത്യക്കാരയും അമൻ മൊഖാഡെ മാറി. ഗ്രേം പൊള്ളോക്കിൻ്റെ പേരിലുള്ള ലോക റെക്കോർഡിന് ഒപ്പമെത്താനും അമന് സാധിച്ചു. 721 റൺസെടുത്ത ദേവ്ദത്ത് പടിക്കൽ ഈ സീസണിലെ രണ്ടാമത്തെ ഉയർന്ന ടോപ് സ്കോററായി.

ഈ സീസണിൽ 9 മത്സരങ്ങളിൽ നിന്ന് അഞ്ച് സെഞ്ച്വറികൾ അമൻ മൊഖാഡെ നേടിയിട്ടുണ്ട്. ഒരു വിജയ് ഹസാരെ ട്രോഫി പതിപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോർഡിനും ഒപ്പമെത്തി. എൻ. ജഗദീശനും കരുൺ നായരും നേരത്തെ അഞ്ച് വീതം സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

അമൻ മൊഖാഡെയുടെ സീസണിലെ മികച്ച പ്രകടനങ്ങൾ

  • സൗരാഷ്ട്ര (ഫൈനൽ), 33 റൺസ്

  • കർണാടക (സെമി ഫൈനൽ),138 (മത്സരം ജയിപ്പിച്ച സെഞ്ച്വറി)

  • ഉത്തർ പ്രദേശ്,147 (സെഞ്ച്വറി)

  • ബറോഡ,150* (ഈ സീസണിലെ ഉയർന്ന സ്കോർ)

  • ജമ്മു & കശ്മീർ,139 (സെഞ്ച്വറി)

  • ഹൈദരാബാദ്, 82 (അർധസെഞ്ച്വറി)

  • ബംഗാൾ,110 (സീസണിലെ ആദ്യ സെഞ്ച്വറി)

SCROLL FOR NEXT