CRICKET

ഇത്രേം ഗതികെട്ടവൻ വേറെ ആരുണ്ട്? അങ്കൃഷ് രഘുവൻഷിയുടെ ഇരട്ട റണ്ണൗട്ട് വീഡിയോ വൈറൽ!

"എന്നെ പോലെ ഈ ലോകത്ത്.. ഇത്രേം ഗതികെട്ട വേറെ ആരാണുള്ളത് കർത്താവേ??" എന്ന്... ഏതാണ്ട് സമാനമായ അവസ്ഥയിലായിരുന്നു അങ്കൃഷ് രഘുവൻഷിയും!!

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊൽക്കത്ത: 'ആട്' സിനിമയിൽ ഷാജി പാപ്പൻ ചോദിക്കുന്നൊരു ചോദ്യമുണ്ട്... "എന്നെ പോലെ ഈ ലോകത്ത്.. ഇത്രേം ഗതികെട്ട വേറെ ആരാണുള്ളത് കർത്താവേ??" എന്ന്... ഏതാണ്ട് സമാനമായ അവസ്ഥയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മധ്യനിര ബാറ്ററായ അങ്കൃഷ് രഘുവൻഷിയും!!

വ്യാഴാഴ്ച രാത്രിയിലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരങ്ങളിൽ ഏറ്റവും ദൗർഭാഗ്യവാനായ താരം ആരാണെന്ന് ചോദിച്ചാൽ അതിനുള്ള മറുപടി അങ്കൃഷ് രഘുവൻഷി എന്നാകും. നാടകീയമായ രണ്ട് റണ്ണൗട്ട് അവസരങ്ങളാണ് താരം ഹൈദരാബാദിനെതിരെ നേരിട്ടത്.

ആദ്യത്തെ സംഭവം ഹൈദരാബാദിൻ്റെ ഇഷാൻ മലിംഗയെറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലായിരുന്നു നടന്നത്. സ്ട്രെയ്റ്റ് ഡ്രൈവിനുള്ള അങ്കൃഷിൻ്റെ ശ്രമത്തിനിടെ നോൺ സ്ട്രൈക്കിങ് എൻഡിലുള്ള കാമറൂൺ ഗ്രീൻ റണ്ണിനായി ഓടുന്നു. മറുവശത്ത് മനസില്ലാ മനസോടെ ഇഷാൻ ഓടിയെത്തുമ്പോഴേക്കും ബൗളറായ ഇഷാൻ മലിംഗ നോൺ സ്ട്രൈക്കിങ് എൻഡിൽ റണ്ണൗട്ടാക്കിയിരുന്നു.

17 പന്തിൽ 31 റൺസുമായി നല്ല രീതിയിൽ ബാറ്റു വീശവെ റണ്ണൗട്ടായതിൻ്റെ നിരാശയിൽ പുറത്തേക്ക് നടക്കവെ തേർഡ് അംപയർ അപ്രതീക്ഷിതമായി താരത്തെ മടക്കി വിളിച്ചു. വിശദമായ പരിശോധനയിൽ കാമറൂൺ ഗ്രീൻ (2) ആണ് പുറത്തായതെന്ന് അംപയർമാർ വിധിക്കുകയായിരുന്നു.

തുടർന്ന് 29 പന്തിൽ നിന്ന് 52 റൺസെടുത്ത് നിൽക്കവെ റിങ്കു സിങ്ങുമായി ഉണ്ടായ ആശയക്കുഴപ്പത്തിൽ നിന്ന് ഇല്ലാത്ത റണ്ണിനായി ഓടിയ അങ്കൃഷിന് വീണ്ടും പിഴച്ചു. നോൺ സ്ട്രൈക്കർ എൻഡിലേക്ക് തിരികെ ഓടിയെത്തുമ്പോഴേക്കും താരത്തെ ഹൈദരാബാദ് താരങ്ങൾ റണ്ണൗട്ടാക്കിയിരുന്നു. ഇതിനിടയിൽ റിങ്കു സിങ് ദേഷ്യത്തോടെ അങ്കൃഷിനോട് പ്രതികരിക്കുന്നതും കാണാമായിരുന്നു. നിരാശനായി വീണ്ടും പവലിയനിലേക്ക് മടങ്ങാനായിരുന്നു അങ്കൃഷിൻ്റെ വിധി.

SCROLL FOR NEXT