CRICKET

ഓരോ ദിവസവും ഓരോ റെക്കോര്‍ഡോ!! സിക്‌സറുകളില്‍ സെഞ്ച്വറി അടിച്ച് വൈഭവ് സൂര്യവന്‍ഷി

ഐപിഎല്ലില്‍ 40 പന്തില്‍ താഴെ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ഏക ബാറ്ററും മറ്റാരുമല്ല

Author : ന്യൂസ് ഡെസ്ക്

ഓരോ ദിവസവും റെക്കോര്‍ഡ് പുസ്തകം തിരുത്തുകയാണ് വൈഭവ് സൂര്യവന്‍ഷി. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് ഇതിനകം ഈ പതിനഞ്ചുകാരന്റെ പേരിലാണ്. കൂടാതെ, ഐപിഎല്ലില്‍ 40 പന്തില്‍ താഴെ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ഏക ബാറ്ററും മറ്റാരുമല്ല.

കഴിഞ്ഞ ദിവസം മറ്റൊരു റെക്കോര്‍ഡ് കൂടി വൈഭവ് സ്വന്തം പേരിലെഴുതി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുഹമ്മദ് സിറാജിനെതിരെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തിക്കൊണ്ടാണ് പുതിയ റെക്കോര്‍ഡ് തിരുത്തിയത്. ടി20-യില്‍ ഏറ്റവും വേഗത്തില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന താരം എന്ന ലോക റെക്കോര്‍ഡ് ഇനി വൈഭവിന്റെ പേരിലായിരിക്കും. 20 വയസ്സ് തികയുന്നതിന് മുന്‍പ് ടി20 ക്രിക്കറ്റില്‍ 100 സിക്‌സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യതാരമാണ് വൈഭവ്.

വെറും 514 പന്തുകളില്‍ നിന്നാണ് ഈ പതിനഞ്ചുകാരന്‍ സിക്‌സറുകളുടെ 'സെഞ്ച്വറി' പൂര്‍ത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ് സൂര്യവന്‍ഷി.

https://www.newsmalayalam.com/sport/cricket/sanju-samson-is-likely-to-replace-suryakumar-yadav-as-indias-new-t20i-captain

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ 16 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 36 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സും പിറന്നത് പവര്‍ പ്ലേയിലും. ഐപിഎല്‍ സീസണില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരമെന്നും റെക്കോര്‍ഡും വൈഭവിനു തന്നെയാണ്.

ഐപിഎല്‍ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ ഇങ്ങനെ:

30* - വൈഭവ് സൂര്യവംശി (2026)

29 - അഭിഷേക് ശര്‍മ (2024)

27* - അഭിഷേക് ശര്‍മ (2026)

22 - സനത് ജയസൂര്യ (2008)

22 - ട്രാവിസ് ഹെഡ് (2024)

22 - യശസ്വി ജയ്സ്വാള്‍ (2025)

വൈഭവ് തകര്‍ത്ത് കളിച്ചെങ്കിലും മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് രാജസ്ഥാന് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 152 റണ്‍സിന് ഓള്‍ഔട്ടായി. 77 റണ്‍സിനാണ് ഗുജറാത്തിന്റെ വിജയം.

വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ് തന്നെയായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. മുഹമ്മദ് സിറാജിന്റെ മൂന്നാം ഓവറില്‍ മൂന്ന് ഫോറുകളാണ് താരം അടിച്ചത്. എന്നാല്‍ അഞ്ചാം പന്തില്‍ പുറത്തായി. വൈഭവിനു പിന്നാലെ രാജസ്ഥാന്റെ ബാറ്റര്‍മാരെല്ലാം നിരനിരയായി പുറത്തായി. യശസ്വി ജയ്സ്വാള്‍(3), ഷിമ്രോണ്‍ ഹെറ്റ്മയര്‍(6), ഡൊണോവന്‍ ഫെരെയ്ര(4) എന്നിങ്ങനെയാണ് മുന്‍നിര താരങ്ങളുടെ സമ്പാദ്യം.

പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ധ്രുവ് ജുറേല്‍ 24 റണ്‍സ് എടുത്ത് പുറത്തായി. പത്ത് പന്തിലാണ് ധ്രുവ് 24 റണ്‍സ് നേടിയത്. ഗുജറാത്തിനു വേണ്ടി റാഷിദ് ഖാന്‍ നാല് വിക്കറ്റുകള്‍ നേടി.

SCROLL FOR NEXT