ഗൗതം ഗംഭീർ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ Source: X/ BCCI
CRICKET

ഏഷ്യ കപ്പ് 2025: ഗംഭീരമാകാത്ത ഇന്ത്യയുടെ ടീം സെലക്ഷൻ, പ്രധാന പാളിച്ചകൾ ഇവയാണ്

കരുത്തുറ്റ യുവനിരയെ തന്നെയാണ് ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത് എങ്കിലും, ചില വിമർശനങ്ങളും ടീം നേരിടുന്നുണ്ട്. അത്തരം പോരായ്മകളെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: ചൊവ്വാഴ്ചയാണ് 2025ലെ ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. അടുത്ത മാസം യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ യുവനിരയെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയും കോച്ച് ഗൗതം ഗംഭീറും ചേർന്നാണ് തെരഞ്ഞെടുത്തത്. കരുത്തുറ്റ യുവനിരയെ തന്നെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത് എങ്കിലും, ചില വിമർശനങ്ങളും ഏഷ്യ കപ്പിനായുള്ള 15 അംഗ ടീം നേരിടുന്നുണ്ട്. അത്തരം പോരായ്മകളെയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

ഗിൽ ടീമിൻ്റെ താളം തെറ്റിക്കുമോ?

2024 ജൂലൈയിലാണ് ഇന്ത്യയുടെ ഉപനായകൻ ശുഭ്മാൻ ഗിൽ അവസാനമായി ഇന്ത്യക്കായി ഒരു ടി20 മത്സരം കളിച്ചത്. അന്ന് മുതൽ കൂടുതൽ ആക്രമണാത്മകമായി കളിക്കുന്ന താരങ്ങളെയാണ് ഗംഭീർ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഗില്ലിൻ്റെ ടി20 കണക്കുകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്. 21 ടി20 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചപ്പോൾ 139.27 സ്ട്രൈക്ക് റേറ്റിൽ 578 റൺസാണ് താരം അടിച്ചെടുത്തത്. മൂന്ന് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും നേടാനായി.

140ൽ താഴെ പ്രഹരശേഷിയുള്ള ഗില്ലിന് അഭിഷേക് ശർമ, യശസ്വി ജെയ്സ്വാൾ, സഞ്ജു സാംസൺ എന്നിവരുടേത് ഇതിലും മികച്ചതാണ്. ഗിൽ ആദ്യ ഇലവനിലെത്തുമ്പോൾ ടീമിൻ്റെ ഘടനയിൽ കാര്യമായ മാറ്റം വരും. അങ്ങനെയെങ്കിൽ സഞ്ജു-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിൽ മാറ്റം വന്നേക്കാം.

ബൗളിങ് യൂണിറ്റിനെ ദുർബലമാക്കുന്ന ഗംഭീറിൻ്റെ ചരടുവലികൾ

കെകെആർ സമയം മുതൽ ഗൗതം ഗംഭീറിൻ്റെ ഫേവറൈറ്റ് ബൗളറാണ് ഹർഷിത് റാണ. ഇന്ത്യക്കായി ആകെ ഒരൊറ്റ ടി20 മത്സരം മാത്രമാണ് റാണ കളിച്ചിട്ടുള്ളത്. പ്രസിദ്ധ് കൃഷ്ണ ഉൾപ്പെടെ വിക്കറ്റ് വേട്ടക്കാരിൽ റാണയേക്കാൾ മികച്ച താരങ്ങൾ കൂട്ടത്തിലുണ്ടായിട്ടും അവരെ തഴഞ്ഞാണ് കൊൽക്കത്തയുടെ പേസറെ ഗംഭീർ ടീമിലെടുത്തത്.

ഐപിഎല്ലിലെ പർപ്പിൾ ക്യാപ്പ് വിന്നറായ പ്രസിദ്ധ് കൃഷ്ണയുടേത് ഹർഷിതിനേക്കാൾ മികച്ച ബൗളിങ് കണക്കുകളാണ്. ഇന്ത്യക്കായി പ്രസിദ്ധ് 15 മാച്ചുകളിൽ നിന്ന് 25 വിക്കറ്റുകൾ കൊയ്തപ്പോൾ, റാണ 13 മത്സരങ്ങളിൽ നിന്ന് നേടിയത് 15 വിക്കറ്റുകൾ മാത്രമാണ്. ഹർഷിതിൻ്റെ ബൗളിങ് ആവറേജ് 29.87 ഉം പ്രസിദ്ധിൻ്റേത് 19.52മാണ്.

എക്കോണമിയിലേക്ക് വരുമ്പോൾ യഥാക്രമം 10.18ഉം 8.27മാണ് ഇരുവരുടേയും കണക്കുകൾ. കണക്കുകളിൽ ബഹുദൂരം മുന്നിലുള്ള വിക്കറ്റ് വേട്ടക്കാരനെ തഴഞ്ഞാണ് റാണയെ ടീമിലെടുത്തതെന്ന് ഇവിടെ വ്യക്തമാണ്.

ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിൽ താരമായി മാറിയ മുഹമ്മദ് സിറാജിനെ പരിഗണിക്കാതിരുന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 16 വിക്കറ്റുകളാണ് സിറാജ് നേടിയത്.

ദുബെയുടെ സെലക്ഷനെ ചുറ്റിപ്പറ്റിയും വിവാദം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ മികവുറ്റ ഓൾറൗണ്ടർമാരിൽ പ്രധാനിയാണ് ശിവം ദുബെ. 2022ലെ ഐപിഎൽ സീസണിൽ തിളങ്ങിയതോടെയാണ് അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്.ഇന്ത്യയുടെ ടി20 ടീമിൽ കളിച്ചപ്പോൾ 14 മത്സരങ്ങളിൽ നിന്ന് 357 റൺസാണ് ദുബെയ്ക്ക് നേടാനായത്. 132.22 ആണ് വാലറ്റത്തെ ഫിനിഷറുടെ പ്രഹരശേഷി. ഒരു അർധസെഞ്ച്വറി മാത്രമാണ് ഇതിൽ എടുത്ത് പറയാനുള്ളത്.

ചെപ്പോക്കിലെ വേഗത കുറഞ്ഞ ട്രാക്കുകളിൽ ശിവം ദുബെയുടെ ബാറ്റിങ് റെക്കോർഡ് മോശമാണ്. സമാനമായ യുഎഇയിലെ സ്ലോവർ പിച്ചുകളിൽ താരം തിളങ്ങുമോയെന്നതും സെലക്ഷനെതിരെ തിരിയാൻ കാരണമാകുന്നുണ്ട്. യുഎഇയിലെ സാഹചര്യങ്ങളിൽ തിളങ്ങുമായിരുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിയതും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. വാഷിങ്ടൺ സുന്ദറെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിൽ അത് ടീമിന് മുതൽക്കൂട്ടായേനെ. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും സുന്ദർ തിളങ്ങിയിരുന്നു.

ഏഷ്യ കപ്പ് 2025 ഇന്ത്യന്‍ സ്ക്വാഡ്: സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ.

ഓപ്പണിങ്ങിലെ തലവേദനകൾ

ഓപ്പണിങ്ങിൽ സഞ്ജു സാംസണിൻ്റെ സ്ഥിരതയില്ലായ്മ തന്നെയാണ് ഇന്ത്യയുടെ തലവേദന. നിർണായകമായ നോക്കൗട്ട് ഘട്ടങ്ങൾ നിറഞ്ഞ ഏഷ്യ കപ്പിൽ മുൻനിര താരങ്ങൾ ഫോമിലായില്ലെങ്കിൽ അത് ടീമിനെയാകെ സമ്മർദ്ദത്തിലേക്ക് തള്ളിവിടും. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ ടോപ് സ്കോററായിരുന്നു യശസ്വി ജെയ്സ്വാൾ. 159.71 പ്രഹരശേഷിയിൽ 559 റൺസാണ് താരം അടിച്ചെടുത്തത്.

SCROLL FOR NEXT