ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ ദുബായിൽ പരിശീലനെത്തിന് എത്തുന്നു Source: X/ BCCI
CRICKET

ഏഷ്യ കപ്പ് 2025: യുഎഇയ്‌ക്കെതിരെ ഇന്ത്യൻ സ്പിൻ ആക്രമണത്തിന് ആര് ചുക്കാൻ പിടിക്കും? മറുപടി നൽകി ബൗളിങ് കോച്ച്

ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് ടൂർണമെൻ്റിലെ ഇന്ത്യൻ പോരാട്ടം ആരംഭിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യ കപ്പിൽ സെപ്തംബർ പത്തിന് ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുകയാണ്. താരതമ്യേന ദുർബലരായ ആതിഥേയരായ യുഎഇ ആണ് ടീം ഇന്ത്യയുടെ ആദ്യ എതിരാളികൾ. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് ടൂർണമെൻ്റിലെ ഇന്ത്യൻ പോരാട്ടം ആരംഭിക്കുന്നത്.

ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്ന ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേത് പൊതുവെ സ്ലോവർ പിച്ചുകളാണ്. പൊതുവെ റൺസ് കണ്ടെത്താൻ ബാറ്റർമാർ ബുദ്ധിമുട്ടുന്ന ഈ ട്രാക്ക് സ്പിൻ ബൗളിങ്ങിനെ അതിരറ്റ് പിന്തുണയ്ക്കുന്നതാണ്. അതിനാൽ തന്നെ മത്സര ഫലം നിർണയിക്കുന്നതിൽ ഇന്ത്യയുടെ സ്പിന്നർമാർ നിർണായകമാകും.

ഏഷ്യ കപ്പിൽ ഇന്ത്യയുടെ സ്പിൻ ബൗളിങ് ആക്രമണത്തെ നയിക്കാൻ ആരൊക്കെ ഉണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും മൂന്നോ നാലോ സ്പിന്നർമാരെ കളിപ്പിച്ചേക്കുമെന്നാണ് ബൗളിങ് കോച്ച് മോർണി മോർക്കൽ പറയുന്നത്. കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. യുഎഇയ്ക്കെതിരെ ഇവരിൽ ആരെല്ലാം പന്തെറിയാനെത്തും എന്നറിയാൻ ആരാധകർ കാത്തിരിപ്പിലാണ്.

"കഴിഞ്ഞ തവണത്തെ ചാംപ്യൻസ് ട്രോഫി മാച്ചുകൾ ഇവിടെ നടന്നപ്പോൾ ഉണ്ടായിരുന്ന പിച്ചിനേക്കാൾ വ്യത്യാസങ്ങൾ ഇപ്പോഴുണ്ട്. അന്ന് ഗ്രൗണ്ടിൽ ബാറ്റർമാർക്ക് കുറച്ചൊക്കെ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ വൈകാതെ ഞങ്ങൾ പിച്ച് പരിശോധിക്കും. പിച്ചിൽ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന രീതിയിൽ അൽപ്പം പുല്ല് കാണാനുണ്ട്. ആദ്യ മത്സരത്തെ എങ്ങനെ സമീപിക്കണമെന്ന് അതിന് ശേഷമാകും ടീം തീരുമാനിക്കുക. മത്സരത്തിൻ്റെയും പിച്ചിൻ്റെയും എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും ഒരു തീരുമാനത്തിലെത്തുക," മോർണി മോർക്കൽ പറഞ്ഞു.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം:

സൂര്യ കുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, സന്ദീപ്, കുൽദീപ് യാദവ്, സംഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്.

റിസർവ് താരങ്ങൾ: പ്രസിദ് കൃഷ്ണ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജൂറേൽ, യശസ്വി ജയ്‌സ്വാൾ.

SCROLL FOR NEXT