ദുബായ്: കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇന്ത്യയും പാകിസ്ഥാനും നിരവധി ബഹുരാഷ്ട്ര മത്സരങ്ങളിൽ നേർക്കുനേർ വന്നിട്ടുണ്ട്. എന്നാൽ ഇരു ടീമുകളും തമ്മിലുള്ള ഏഷ്യ കപ്പ് 2025 ഗ്രൂപ്പ് പോരാട്ടം മുൻ ഏറ്റുമുട്ടലുകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സമീപകാല സൈനിക ഏറ്റുമുട്ടലുകൾ ബഹുരാഷ്ട്ര ടൂർണമെൻ്റുകളിൽ പോലും തുടർന്ന് ക്രിക്കറ്റ് കളിക്കണമോ എന്ന കാര്യത്തിലേക്ക് വരെ കാര്യത്തിലേക്ക് വരെ ചർച്ചയെത്തിച്ചു.
ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ കളിക്കാൻ സമ്മതിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും (ബിസിസിഐ) ഇന്ത്യൻ കളിക്കാരെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മുൻ താരങ്ങളടക്കം പ്രമുഖർ ഈ മത്സരം കാണില്ലെന്നും കാണികൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത് ഇന്ത്യൻ ടീം ക്യാമ്പിലും മാനസിക സംഘർഷമുണ്ടാക്കുന്നുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു രാജ്യങ്ങൾക്കുമെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് മുദ്രാവാക്യം വിളികളോ അത്തരം പ്രവൃത്തികളോ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്ത്യൻ ടീമിൽ ചിലർ 'പ്രതീകാത്മക പ്രതിഷേധങ്ങൾ' നടത്തുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഹസ്തദാനം ഒഴിവാക്കി കൊണ്ടുള്ള പ്രതിഷേധങ്ങൾ, കറുത്ത ആം ബാൻഡ് ധരിക്കൽ തുടങ്ങിയ ഐസിസിയുടെ നിയമാവലിക്കുള്ളിൽ നിൽക്കുന്ന ചില പ്രതിഷേധങ്ങൾക്ക് ഇന്ത്യ-പാക് മത്സരം സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ദുബായിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മാനസികാവസ്ഥ ബിസിസിഐയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പോലും അറിയാം. അതിനാൽ ഭീകരവാദത്തെ അതിരറ്റ് സഹായിക്കുന്ന പാകിസ്ഥാനോടുള്ള ഓരോ ഇന്ത്യക്കാരനും തോന്നുന്ന വികാരങ്ങളെ ഉൾക്കൊള്ളുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമായും ഇന്ന് പ്രതീക്ഷിക്കാം. പ്രതിഷേധ വേദിയായി ഏഷ്യാ കപ്പ് മത്സരം ഉപയോഗിക്കാൻ ബിസിസിഐയും കളിക്കാരും തീരുമാനിച്ചേക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.