സിഡ്നി: ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ താരം നടത്തിയ മികവുറ്റ ബാറ്റിങ് പ്രകടനം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. 141 പന്തിൽ നിന്ന് 314 റൺസാണ് ഇന്ത്യക്കാരനായ ഹർജാസ് സിങ് അടിച്ചുകൂട്ടിയത്. 35 കൂറ്റൻ സിക്സറുകളും ഈ ഇന്നിങ്സിന് ചാരുതയേകി. ഇന്നിങ്സിനിടെ പത്തോളം തവണ പന്തുകൾ ഗ്രൗണ്ടിന് പുറത്തേക്ക് പറന്ന് കാണാതാവുകയും ചെയ്തിരുന്നു. ഇത് ആദ്യമായാണ് ഗ്രേഡ് ലെവലിലെ നിശ്ചിത ഓവർ ഫോർമാറ്റ് മത്സരത്തിൽ ഒരു ക്രിക്കറ്റ് താരം ട്രിപ്പിൾ സെഞ്ച്വറി അടിക്കുന്നത്.
ഓസ്ട്രേലിയിലെ ന്യൂ സൗത്ത് വെയ്ൽസിൽ നടക്കുന്ന ഗ്രേഡ് ലെവൽ മത്സരത്തിലാണ് അത്യപൂർവ റെക്കോർഡ് പിറന്നത്. സിഡ്നി ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ വെസ്റ്റേൺ സബേർബ്സിന് വേണ്ടിയാണ് ഹർജാസ് ബാറ്റ് വീശിയത്. ഇവിടെ മുമ്പ് ഫിൽ ജാക്വസ് (321), വിക്ടർ ട്രംപർ (335) എന്നിവർ മാത്രമെ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടുള്ളൂ.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ജനിച്ച ഈ യുവതാരത്തിന്റെ വേരുകൾ ഇന്ത്യയിലാണ്. ഇന്ത്യൻ വംശജരായ അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ 2000ൽ ചണ്ഡീഗഡിൽ നിന്ന് സിഡ്‌നിയിലേക്ക് കുടിയേറി. 2024ൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിലും ഹർജാസ് ശ്രദ്ധ പിടിച്ചുപറ്റി.
ആ മത്സരത്തിൽ 64 പന്തിൽ നിന്ന് 55 റൺസ് താരം നേടിയിരുന്നു. ആ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായിരുന്നു ഇത്. ഓസീസിനെ 253 റൺസ് നേടാനും ഹർജസിൻ്റെ ഇന്നിങ്സ് അന്ന് തുണച്ചിരുന്നു.
തൻ്റെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് റെക്കോർഡ് നേട്ടത്തെക്കുറിച്ച് ഹർജാസ് മാധ്യമങ്ങളോട് മനസ് തുറന്നു. "തീർച്ചയായും, ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് എൻ്റെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് ഉറപ്പാണ്. ഓഫ് സീസണിൽ എൻ്റെ പവർ ഹിറ്റിംഗിൽ ഞാൻ വളരെയധികം പ്രവർത്തിച്ചിരുന്നു. ഈ റിസൾട്ട് എനിക്ക് വളരെ അഭിമാനകരമാണ്. നേരത്തെ എൻ്റെ സ്വന്തം ഗെയിമിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് കഴിഞ്ഞ ഒന്നോ രണ്ടോ സീസൺ എനിക്ക് നഷ്ടമായിരുന്നു. ഇന്നത്തെ എൻ്റെ പ്രകടനം വളരെ സ്പെഷ്യൽ ആയിരുന്നു," ഹർജാസ് സിങ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.