ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്ക് വേണ്ടി ആര് ഓപ്പണ്‍ ചെയ്യും? ഇന്ത്യയുടെ സ്ഥിരം ഓപ്പണർ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് ഈ സ്ഥാനത്തേക്ക് ആരെയാകും പരിഗണിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. നാലാം നമ്പരില്‍ വിരാട് കോഹ്ലിക്ക് പകരക്കാരനായി ആരെത്തുമെന്ന കാര്യത്തിലും ചർച്ചകള്‍ ചൂടുപിടിക്കുകയാണ്.
കെ.എല്‍. രാഹുലിനും യശ്വസി ജയ്സ്വാളിനുമാണ് ഓപ്പണർമാരായി പല റിപ്പോർട്ടുകളും സാധ്യത കല്‍പ്പിക്കുന്നത്. സായ് സുദർശൻ മൂന്നാം നമ്പരിലും ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്തുമാകും ബാറ്റ് ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍, ഓസ്ട്രേലിയന്‍ മുന്‍ നായകനും നിലവില്‍ പഞ്ചാബ് കിംഗ്സ് കോച്ചുമായി റിക്കീ പോണ്ടിങ്ങിന് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
സായ് സുദർശനും യശ്വസി ജയ്സ്വാളും ചേർന്ന് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത എന്നാണ് റിക്കി പോണ്ടിങ് പറയുന്നത്. സായ് സുദർശൻ ഒരു ക്ലാസ് കളിക്കാരനാണെന്നാണ് തോന്നുന്നതെന്നും താരത്തിന് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് കരുതുന്നതായും പോണ്ടിങ് ഐസിസി റിവ്യൂവിനോട് പറഞ്ഞു. മത്സരപരിചയമുള്ള കെ.എല്‍. രാഹുലിനെയോ കരുണ്‍ നായരെയോ ആകും മൂന്നാം നമ്പറായി ഇന്ത്യ പരിഗണിക്കുക എന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ നാലാമനായി ആയിരിക്കും നായകന്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങുക. സുദർശൻ, ജയ്‌സ്വാൾ, കെ.എൽ. രാഹുല്‍, ഗിൽ, കരുൺ നായർ എന്നിങ്ങനെയാകും ഇന്ത്യയുടെ ടോപ് ഓർഡർ എന്നാണ് ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്റെ വിലയിരുത്തല്‍.
അതേസമയം, ജൂൺ 13ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഇൻട്രാ-സ്ക്വാഡ് മത്സരത്തിന് ശേഷമായിരിക്കും ടീം മാനേജ്മെന്റ് ബാറ്റിങ് ഓർഡർ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് ഗിൽ നൽകുന്ന സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയം ഇന്ത്യക്കും പുതിയ നായകന്‍ എന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിനും ഏറെ പ്രധാനപ്പെട്ടതാണ്. 2007ന് ശേഷം ഇന്ത്യ ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. 2023-24ലാണ് അവസാനമായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര (4-1) നേടുന്നത്. പക്ഷേ, അത് ഇന്ത്യൻ മണ്ണിലായിരുന്നു. ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.