Image: ANI
CRICKET

"കരാര്‍ അവസാനിക്കുന്നതു വരെ അദ്ദേഹം തുടരും"; പരിശീലകനായി ഗംഭീറിന്റെ ഭാവി ഭദ്രം

ഗംഭീറിനു പകരം, വിവിഎസ് ലക്ഷ്മണിനെ പരിഗണിച്ചുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Author : നസീബ ജബീൻ

ഇന്ത്യയുടെ ടെസ്റ്റ് പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെ മാറ്റും എന്ന വാര്‍ത്ത വെറും ഗോസിപ്പ് മാത്രമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ. ആജ് തക്കിനു നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിനെ മാറ്റുമെന്ന വാര്‍ത്തകള്‍ സൈകിയ തള്ളിക്കളഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റ് പരിശീലക സ്ഥാനത്തു നിന്നും ഗംഭീറിനെ മാറ്റിയേക്കും എന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. എന്നാല്‍, അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും കരാര്‍ അനുസരിച്ച് ഗംഭീര്‍ പരിശീലകനായി തുടരുമെന്നും സൈകിയ വ്യക്തമാക്കി.

ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി വന്നതിനു ശേഷം എല്ലാ ഫോര്‍മാറ്റുകളിലും സമ്മിശ്രമായ ഫലങ്ങളായിരുന്നു ഉണ്ടായത്. വൈറ്റ് ബോള്‍ മത്സരങ്ങളില്‍ നിര്‍ണായക വിജയങ്ങള്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കി. ഐസിസി, എസിസി ടൈറ്റിലുകളും നേടി. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ടീമിനായില്ല. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂലിന്‍ഡ്, ഓസ്‌ട്രേലിയ ടീമികളോടായി പത്ത് മത്സരങ്ങളിലാണ് ഇന്ത്യ തോറ്റത്.

ടെസ്റ്റ് ടീമില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മാറ്റങ്ങളും ഗംഭീറിന്റെ ആശയങ്ങളുമാണ് പ്രകടനത്തെ ബാധിക്കുന്നതെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തോടെ ചര്‍ച്ചകളും ചൂടുപിടിച്ചു.

ഇതോടെ, ടെസ്റ്റ് കോച്ച് സ്ഥാനത്തു നിന്ന് ഗംഭീറിനെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ഗംഭീറിനു പകരം, വിവിഎസ് ലക്ഷ്മണിനെ പരിഗണിച്ചുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, ഇതെല്ലാം നടക്കാത്ത കാര്യങ്ങളാണെന്നാണ് ബിസിസിഐ സെക്രട്ടറി പറയുന്നത്. ഒരു ഫോര്‍മാറ്റില്‍ നിന്നും ഗംഭീറിനെ മാറ്റാനുള്ള ആലോചനകളില്ല. അതിനായി ആരേയും സമീപിച്ചിട്ടില്ല. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാര്‍. അതുവരെ ഗംഭീര്‍ പരിശീലകനായി തുടരുമെന്നും സൈകിയ വ്യക്തമാക്കി.

SCROLL FOR NEXT