വിജയാഘോഷങ്ങള്‍ക്ക് മാനദണ്ഡവുമായി ബിസിസിഐ Source: X/ Royal Challengers Bengaluru
CRICKET

കർശന സുരക്ഷയുണ്ടെങ്കില്‍ മാത്രം വിജയാഘോഷങ്ങൾക്ക് അനുമതി; ഐപിഎല്‍ ടീമുകള്‍ക്ക് മാർഗനിർദേശവുമായി ബിസിസിഐ

അടുത്ത വർഷം മുതൽ എല്ലാ ഫ്രാഞ്ചൈസികളും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർ‌സി‌ബി) വിജയാഘോഷത്തിലുണ്ടായ ദുരന്തത്തിന് പിന്നാലെ ഇത്തരം പരിപാടികള്‍ക്ക് മാർഗനിർദേശവുമായി ബിസിസിഐ. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനായി ഐപിഎല്‍‌ ഫ്രാഞ്ചൈസികള്‍ ബിസിസിഐയുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിർദേശം. ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികൾ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.

പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഒരു ടീമിനെയും വിജയാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ല. കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആഘോഷങ്ങൾക്ക് അനുമതി ലഭിക്കൂ. ബിസിസിഐക്ക് പുറമെ സംസ്ഥാന സർക്കാരിന്‍റെയും പൊലീസിന്‍റെയും അനുമതി വാങ്ങണം.

ആഘോഷങ്ങളിൽ ഉയർന്ന ലെവൽ സുരക്ഷ വേണമെന്നാണ് ബിസിസിയുടെ പുതിയ മാനദണ്ഡം പറയുന്നത്. അടുത്ത വർഷം മുതൽ എല്ലാ ഫ്രാഞ്ചൈസികളും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. വിജയാഘോഷ വേളയിൽ ഫ്രാഞ്ചൈസികൾ പാലിക്കേണ്ട കർശനമായ മാർഗനിർദേശങ്ങൾ രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

11 വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ള ആർസിബിയുടെ ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വിജയാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. എന്നാല്‍ സ്റ്റേഡിയത്തിന് മുന്നിലേക്ക് ആളുകള്‍ നിയന്ത്രണാതീതമായി എത്തിയതോടെ അതൊരു ദുരന്തഭൂമിയായി മാറി. തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. 50 പേർക്ക് പരിക്കുമേറ്റു. ഇതാണ് വിജയാഘോഷങ്ങളില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്.

SCROLL FOR NEXT