CRICKET

ദേശീയ ടീമിലേക്ക് വൈഭവിന് പച്ചക്കൊടി കാട്ടുമ്പോൾ ബിസിസിഐയുടെ 'മാസ്റ്റർ പ്ലാൻ' മറ്റൊന്നാണ്...

കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഉൾപ്പെടെ കാര്യമായൊരു മാസ്റ്റർ പ്ലാനാണ് ഒരുക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: ദക്ഷിണാഫ്രിക്കയോടും ന്യൂസിലൻഡിനോടും ഉൾപ്പെടെ സ്വന്തം നാട്ടിൽ ടെസ്റ്റ് ക്രിക്കറ്റിൽ വൻ പരാജയം നേരിട്ടതോടെ ബിസിസിഐ കാര്യമായൊരു പരിഷ്കരണത്തിന് ഒരുങ്ങുകയാണ്. കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും ഉൾപ്പെടെ കാര്യമായൊരു മാസ്റ്റർ പ്ലാനാണ് ഒരുക്കുന്നത്. ഈ കൂട്ടത്തിലേക്കാണ് വൈഭവ് സൂര്യവൻഷിയും പരിഗണിക്കപ്പെടുന്നത്. ആദ്യം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കാണ് വൈഭവിന് വിളിയെത്തുകയെന്നാണ് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

റെഡ് ബോൾ ക്രിക്കറ്റിലേക്ക് വരുമ്പോൾ ഇന്ത്യൻ ടീമിൻ്റെ അവസ്ഥ പരിതാപകരമാണ്. പ്രത്യേകിച്ച് സ്വന്തം മണ്ണിൽ. ന്യൂസിലൻഡിൽ നിന്നേറ്റ 3-0 തോൽവിയുടെ ആഘാതം ഇപ്പോഴും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിനെ വേട്ടയാടുന്നുണ്ട്. പിന്നീട് ദക്ഷിണാഫ്രിക്കയും ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് ആധിപത്യം തകർത്തു. ഈ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാനും കോഹ്ലിയും രോഹിത്തും ഒഴിച്ചിട്ട വിടവ് എത്രയും വേഗം നികത്തുകയുമാണ് ബിസിസിഐയുടെ പ്രധാന ലക്ഷ്യം.

എന്താണ് ബിസിസിഐയുടെ 'റെഡ് ബോൾ' മാസ്റ്റർ പ്ലാൻ?

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വൈഭവ് സൂര്യവൻഷിയേയും ആയുഷ് മാത്രെയേയും പോലുള്ള യുവപ്രതിഭകളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് സ്ഥിരതയാർന്ന പ്രകടനം നടത്താൻ പാകത്തിൽ റെഡ് ബോൾ ടീമിനെ പടുത്തുയർത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

ഐപിഎൽ 2026ന് ശേഷം ജൂൺ, ജൂലൈ മാസങ്ങളിൽ ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിൽ വച്ച് പ്രത്യേക റെഡ് ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കും. ഇതിൽ വൈഭവിനെ ഉൾപ്പെടുത്തും. ഈ ടൂർണമെൻ്റിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ അണ്ടർ 19, എമേർജിങ് അണ്ടർ 25 ടീമുകൾ ശ്രീലങ്കയിൽ നടത്തുന്ന ചതുർദിന മത്സരങ്ങൾക്കായി വൈഭവിനെ പരിഗണിക്കും. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും വൈഭവിന്റെ പുരോഗതി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.

അതേസമയം, കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ ദേശീയ ടീമിൻ്റെ ജേഴ്സിയണിഞ്ഞ് സ്വന്തമാക്കിയ റെക്കോർഡിന് ഇളക്കം തട്ടാൻ പോവുകയാണ്. കഴിഞ്ഞ മാസം പതിനഞ്ചിലേക്ക് കടന്ന വൈഭവ് സൂര്യവൻഷിയാണ് അയർലൻഡിലേക്കുള്ള ഇന്ത്യൻ ടീമിൻ്റെ പര്യടനത്തിലേക്ക് ക്ഷണിക്കപ്പെടാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

അയർലൻഡിലേക്ക് ഇന്ത്യയുടെ യുവനിരയെ അയക്കാനാണ് ചീഫ് സെലക്ടറായ അജിത് അഗാർക്കർ ഉൾപ്പെടുന്ന സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം എപ്പോൾ വരുമെന്നാണ് ഇനി അറിയേണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

"അയർലൻഡ് പര്യടനത്തിലേക്ക് വൈഭവ് സൂര്യവൻഷിയെ പരിഗണിക്കുന്നുണ്ട്. വൈഭവിൻ്റെ പേര് ചില താരങ്ങൾക്കൊപ്പം ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്," ബിസിസിഐ അംഗം ദി ഇന്ത്യൻ എക്സ്‌പ്രസിനോട് വെളിപ്പെടുത്തി. ഈ വർഷം തന്നെ സിംബാബ്‌വേ പര്യടനത്തിനുള്ള ടീമിലേക്കും താരത്തെ പരിഗണിക്കുന്നുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മികവുറ്റ പ്രകടനമാണ് വൈഭവ് സൂര്യവൻഷി നടത്തുന്നത്. ഇതോടെ താരത്തെ സീനിയർ ടീമിലേക്ക് പരിഗണിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.

പുരുഷ വിഭാഗത്തിൽ സച്ചിൻ ടെണ്ടുൽക്കറും (16 വർഷം 205 ദിവസം പ്രായം), വനിതാ ക്രിക്കറ്റിൽ ഷഫാലി വർമയും (15 വർഷവും ഏഴ് മാസവും 27 ദിവസവും) ഏറെ നാളായി കൈവശം വച്ച് കൊണ്ടിരിക്കുന്ന ദേശീയ റെക്കോർഡുകളാണ് ഇതോടെ തകർക്കപ്പെടുക. 2011 മാർച്ച് 27ന് ജനിച്ച വൈഭവ് അയർലൻഡ് പര്യടനത്തിൽ കളിച്ചാൽ 15 വയസും 100 ദിവസവുമാകും പ്രായം. അത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയൊരു നാഴികക്കല്ലായി മാറും.

SCROLL FOR NEXT