CRICKET

അരുണാചൽ പ്രദേശിനെതിരെ ആളിക്കത്തി ബിഹാറി ബാറ്റർമാർ; ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോർഡിട്ട് വൈഭവ് സൂര്യവൻഷിയുടെ ടീം

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ ഓപ്പണറായ വൈഭവ് അരുണാചൽ പ്രദേശിനെതിരെ 84 പന്തിൽ 190 റൺസെടുത്താണ് പുറത്തായത്.

Author : ന്യൂസ് ഡെസ്ക്

റാഞ്ചി: ഇന്ത്യയുടെ 14 വയസുകാരനായ വിസ്ഫോടക ബാറ്റർ വൈഭവ് സൂര്യവംശി 84 പന്തിൽ നിന്ന് 190 റൺസ് നേടിയ മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ ലോക റെക്കോർഡ് സ്കോർ അടിച്ചെടുത്ത് ബിഹാർ. ബുധനാഴ്ച അരുണാചൽ പ്രദേശിനെതിരെ നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിലാണ് ബിഹാർ 574/6 എന്ന ലോക റെക്കോർഡ് സ്കോർ പടുത്തുയർത്തിയത്. ഒരു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്കോറാണിത്.

2022ൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്‌നാട് നേടിയ 506/2 എന്ന സ്‌കോറിനെയാണ് വൈഭവും കൂട്ടരും മറികടന്നത്. വൈഭവ് സൂര്യവൻഷിക്ക് പുറമെ ആയുഷ് ലോഹരുക്ക (116), സാകിബുൽ ഗനി (128) എന്നിവരും ബിഹാർ നിരയിൽ സെഞ്ച്വറി നേടി. വാലറ്റത്ത് പിയൂഷ് കുമാർ സിംഗും (77) ബിഹാറിനായി കരുത്തുറ്റ പ്രകടനം പുറത്തെടുത്തു.

ബിഹാറിനായി പവർപ്ലേയിൽ സൂര്യവൻഷി സ്ഫോടനാത്മകമായ തുടക്കമാണ് സമ്മാനിച്ചത്. വെറും 36 പന്തിൽ സൂര്യവംശി സെഞ്ച്വറി തികച്ചു. ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. 84 പന്തിൽ നിന്ന് 190 റൺസ് നേടി വൈഭവ് പുറത്താകുമ്പോഴേക്കും, ബിഹാർ ടീമിൻ്റെ സ്കോർ 27 ഓവറിൽ 260 റൺസ് കടന്നിരുന്നു.

വൈഭവ് മടങ്ങിയ ശേഷം സ്കോറിങ്ങിന് വേഗത നഷ്ടപ്പെടാതെ ഇന്നിങ്സ് തുടരേണ്ട ഉത്തരവാദിത്തം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയുഷ് ലോഹരുക്കയുടെ ചുമലിലായി. 35 പന്തിൽ അർധശതകം തികച്ച ആയുഷ്, ഒടുവിൽ 56 പന്തിൽ 116 റൺസെടുത്ത് പുറത്തായി.

പിന്നീട് ക്യാപ്റ്റൻ സാകിബുൽ ഗാനിക്കൊപ്പം ബിപിൻ സൗരഭും മധ്യനിരയിൽ തകർത്തടിച്ചു. വെറും 32 പന്തിൽ നിന്ന് സെഞ്ച്വറി നേടിയ ഗാനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡും നേടി. അൻമോൾപ്രീത് സിംഗിന്റെ (35 പന്തിൽ 100) റെക്കോർഡാണ് ഗാനി ഇന്ന് തകർത്തത്.

ഇതോടെ 46-ാം ഓവറിലെ നാലാമത്തെ പന്തിൽ ബീഹാർ 500 റൺസ് മറികടക്കാൻ ഗാനിയും സൗരഭും സഹായിച്ചു. 50 ഓവറിൽ 574/6 എന്ന 'ലോക റെക്കോർഡ്' സ്കോർ അടിച്ചെടുത്താണ് ബിഹാറിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. വൈഭവ് സൂര്യവൻഷി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇരട്ട സെഞ്ച്വറിയെന്ന ലോക റെക്കോർഡ് ഇന്ന് തകർക്കുമെന്ന് തോന്നിച്ചെങ്കിലും, ആ സ്വപ്നനേട്ടത്തിന് 10 റൺസ് അകലെ പുറത്തായിരുന്നു.

SCROLL FOR NEXT