CRICKET

ഗുജറാത്തിനു മുന്നില്‍ തോറ്റമ്പി ചെന്നൈ; പ്ലേ ഓഫ് കാണാതെ പുറത്ത്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ക്രീസില്‍ കാലുറപ്പിക്കാന്‍ പോലുമായില്ല

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ ഭീമന്‍ റണ്‍ മലയ്ക്ക് മുന്നില്‍ പൊരുതി നില്‍ക്കാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത്. 230 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു ചെന്നൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയത്. പൊരുതി നില്‍ക്കാന്‍ പോലുമാകാതെ ചെന്നൈയുടെ ബാറ്റര്‍മാര്‍ ഒന്നിനു പുറകെ ഒന്നായി മടങ്ങി. 89 റണ്‍സിനാണ് ചെന്നൈയുടെ തോല്‍വി. ഇതോടെ, പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലില്‍ നിന്നും പുറത്തായി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച ഫോമിലായിരുന്നു. ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചു. ഒന്നാം വിക്കറ്റില്‍ 125 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടാണ് ഈ സഖ്യം കെട്ടിപ്പടുത്തത്.

സായ് സുദര്‍ശന്‍ 53 പന്തില്‍ 7 ഫോറും 4 സിക്‌സറുമടക്കം 84 റണ്‍സ് നേടിയപ്പോള്‍, ശുഭ്മന്‍ ഗില്‍ 37 പന്തില്‍ 7 ഫോറും 3 സിക്‌സറുമടക്കം 64 റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ജോസ് ബട്‌ലര്‍ 27 പന്തില്‍ പുറത്താകാതെ 57 റണ്‍സെടുത്തു. 5 ഫോറും 4 സിക്‌സറുകളുമാണ് ബട്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സാണ് ഗുജറാത്ത് നേടിയത്.

പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ടോസ് നേടിയിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ഋതുരാജിന്റെ കണക്കുകൂട്ടല്‍ തുടക്കത്തില്‍ തന്നെ പാളി. ഗില്ലും സുദര്‍ശനും ചേര്‍ന്ന് ചെന്നൈയുടെ ബൗളര്‍മാരെ അടിച്ചു വീഴ്ത്തി. ബാക്കിയുള്ളത് ജോസ് ബട്‌ലറും കൊടുത്തു. പവര്‍പ്ലേയില്‍ തന്നെ ഗുജറാത്ത് 62 റണ്‍സ് നേടി. 64 റണ്‍സെടുത്ത ഗില്ലിനെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്. പിന്നാലെയെത്തിയ ബട്‌ലറിനൊപ്പം ചേര്‍ന്ന് സായ് സുദര്‍ശന്‍ പെര്‍ഫോമന്‍സ് തുടര്‍ന്നു.

53 പന്തുകളില്‍ നിന്ന് 84 റണ്‍സെടുത്ത സായ് സുദര്‍ശനെ അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. 27 പന്തുകളില്‍നിന്ന് 4 സിക്സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ ബട്ലര്‍ 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാഹുല്‍ തെവാതിയ റണ്ണൗട്ടായെങ്കിലും പിന്നാലെ എത്തിയ വാഷിങ്ടണ്‍ സുന്ദറിനൊപ്പം ബട്‌ലര്‍ ടീമിനെ 229 ല്‍ എത്തിച്ചു. അവസാന പന്തിലാണ് വാഷിങ്ടണ്‍ പുറത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ക്രീസില്‍ കാലുറപ്പിക്കാന്‍ പോലുമായില്ല. ജീവന്‍മരണ പോരാട്ടമാണെന്നത് പോലും മറന്നുള്ള അലസമായ പ്രകടനമായിരുന്നു ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടേത്. 13.4 ഓവറില്‍ വെറും 140 റണ്‍സില്‍ ചെന്നൈ ഓള്‍ ഔട്ടായി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു ഗോള്‍ഡന്‍ ഡക്കായി. 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെ മാത്രമാണ് പിടിച്ചു നിന്നത്.

ഗുജറാത്തിനു വേണ്ടി മുഹമ്മദ് സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി.

മുഹമ്മദ് സിറാജിന്റെ ആദ്യ പന്തില്‍ തന്നെ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. മൂന്നാം ഓവറില്‍ ഋതുരാജിനെയും ഊര്‍വില്‍ പട്ടേലിനെയും(0) സിറാജ് തിരിച്ചയച്ചു. ആറാം ഓവറില്‍ മാത്യു ഷോര്‍ട്‌സിനെ റബാഡയും പവലിയനിലേക്ക് തിരിച്ചയച്ചു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായിരുന്നു.

SCROLL FOR NEXT