അടുത്ത വർഷം ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ട്വൻ്റി 20 ലോകകപ്പിനായി ഇന്ത്യൻ ടീമിലെ തയ്യാറെടുപ്പുകൾ ആഗ്രഹിച്ചയിടത്ത് എത്തിയിട്ടില്ലെന്ന് പരിശീലകൻ ഗൗതം ഗംഭീർ. എന്നാൽ ആവശ്യത്തിന് സമയം ടീമിന് മുന്നിലുണ്ടെന്നും ഗംഭീർ പറഞ്ഞു. 2024ലെ ലോകകപ്പിന് ശേഷം ട്വൻ്റി 20യിൽ എല്ലാവരും ഭയപ്പെടുന്ന ഒരു സംഘം. മറ്റൊരു ലോകകപ്പ് മുന്നിലെത്തി നിൽക്കുമ്പോൾ ആരാധകർ ആഗ്രഹിക്കുന്നത് വീണ്ടുമൊരു കിരീടം. അതും ഗംഭീറിന് കീഴിൽ.
ലോകകപ്പിന് ശേഷം ട്വൻ്റി 20യിൽ യുവനിരയുമായി മികച്ച ഫോമിലാണ് ഇന്ത്യ. എന്നാൽ താൻ ആഗ്രഹിച്ചയിടത്ത് ടീം എത്തിയിട്ടില്ലെന്നാണ് പരിശീലകൻ ഗൗതം ഗംഭീർ പറയുന്നത്. ടീമിൽ വൻ താരനിരയാണ്. അതിൽ നിന്ന് മികച്ചവരെ കണ്ടെത്തുക പ്രയാസമാണെന്നും ഗംഭീർ പറയുന്നു. ലോകകപ്പിനായി മൂന്ന് മാസങ്ങൾ ബാക്കിയുണ്ടെന്നും താരങ്ങൾ ഫിറ്റ്നസ് നിലനിർത്തുമെന്ന ഉറപ്പുണ്ടെന്നും ഗംഭീർ. ഫോർമാറ്റുകൾ വളരുമ്പോൾ പരിശീലകരും അതിനൊത്ത് ഉയരണമെന്നാണ് തൻ്റെ അഭിപ്രായമെന്നും ഗംഭീർ പറഞ്ഞു.
2026 ലോകകപ്പിൽ ഓപ്പണിങ്ങിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും സ്ഥാനമുറപ്പിച്ചെന്ന സൂചനയും പരിശീലകൻ നൽകുന്നുണ്ട്. എന്നാൽ ഇന്ത്യക്ക് വെല്ലുവിളിയാകുന്നത് മൂന്നാം നമ്പറിൽ ആര് ഇറങ്ങുമെന്നതിലാണ്. കഴിഞ്ഞ പരമ്പരയിൽ മൂന്ന് താരങ്ങളെയാണ് ഗംഭീർ പരീക്ഷിച്ചത്. നായകൻ സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശിവം ദുബെയെയും പരീക്ഷിച്ചു. നാലാം നമ്പറിൽ തിലക് വർമ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിന് തന്നെയാണ് സാധ്യത. ജിതേഷ് ശർമയും സഞ്ജുവിന് പകരക്കാരനാകാനുള്ള പോരിലുണ്ട്. ഓൾ റൌണ്ടർമാരിൽ ആരൊക്കെയെത്തുമെന്നതിലാണ് ആകാംക്ഷ.
ഹാർദിക് പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവർ മികച്ചഫോം നിലനിർത്തിയാൽ ടീമിന് കരുത്താകും. ജസ്പ്രീത് ബുംറയ്ക്കൊപ്പം ട്വൻ്റി ട്വൻ്റിയിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ, അർഷ്ദീപ് സിങ്ങിനും ടീമിലെത്താൻ വെല്ലുവിളിയില്ല. വരുൺ ചക്രവർത്തിയും, കുൽദീപ് യാദവും അടങ്ങുന്ന സ്പിന്നർമാരിലും ഇന്ത്യൻ പരിശീലകന് ആത്മവിശ്വാസം. ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് 10 ട്വൻ്റി 20 മത്സരങ്ങളുണ്ടെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വൻ്റി 20 പരമ്പരയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ഗംഭീർ വ്യക്തമാക്കി