ആദ്യ ലോകകപ്പ് മത്സരം Source: X/ ICC
CRICKET

ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് 50 വയസ്; ഇന്ത്യന്‍ സൂപ്പർ താരത്തിന്റെ വിവാദ ഇന്നിങ്സിനും

കന്നി ലോകകപ്പ് ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു

Author : ശ്രീജിത്ത് എസ്

1975 ജൂണ്‍ ഏഴ്. കൃത്യമായി പറഞ്ഞാല്‍ അരനൂറ്റാണ്ട് മുന്‍പുള്ള ഒരു ദിനം. ഇംഗ്ലണ്ടില്‍ 27 ഡിഗ്രി സെല്‍ഷ്യസ് എന്ന ഉയർന്ന താപനില രേഖപ്പെടുത്തിയ ദിവസം. വെയിലില്‍ മുങ്ങിക്കിടക്കുന്ന, 21,000 കാണികളെ കൊണ്ട് നിറഞ്ഞ, ചരിത്രപ്രസിദ്ധമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. അന്ന് അവർ സാക്ഷികളായത് പ്രഥമ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ ആ ആദ്യ മത്സരത്തില്‍ തന്നെയാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദമായി മാറിയ ഏകദിന ഇന്നിങ്സുകളില്‍ ഒന്ന് പിറന്നതും.

ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച ആദ്യ ലോകകപ്പ് മത്സരത്തില്‍ നാല് രാജ്യങ്ങളുടെ രണ്ട് ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. അതായത് ഒരൊറ്റ പരാജയം ടീമുകള്‍ക്ക് ലോകകപ്പിന് പുറത്തേക്കുള്ള വഴിതുറക്കും. ഇന്നത്തെ ഏകദിന ഫോർമാറ്റ് അല്ല അന്ന്, 60 ഓവറാണ് മത്സരം. ലോകവേദിയില്‍ മികച്ചതില്‍ മികച്ചത് പുറത്തെടുക്കാനാണ് ഓരോ ടീമും ശ്രദ്ധിച്ചത്.

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന്റെ ആദ്യ പകുതി എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് പടുത്തുയർത്തിയത്. അക്കാലത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ. ഡെന്നിസ് അമിസ്, കെയ്ത് ഫ്ലെച്ചർ, ക്രിസ് ഓള്‍ഡ് എന്നിവരായിരുന്നു ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോറിന്റെ ശില്‍പികള്‍. ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് താരം ഡെന്നിസ് അമിസിന്റെ വകയായിരുന്നു. 137 റണ്‍സെടുത്ത ഡെന്നിസ് അമിസ് ഇന്ത്യന്‍ ബൗളർമാർക്ക് ശരിക്കും പരീക്ഷണം തന്നെയായിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന്‍ ടോണി ലെവിസിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ശാന്തവും, ലളിതവുമായി ചലനങ്ങള്‍ കൊണ്ടുനിറഞ്ഞതായിരുന്നു ആ ഇന്നിങ്സ്. 68 റണ്‍സെടുത്ത കെയ്ത് ഫ്ലെച്ചർ, അമിസിന് ശക്തമായ പിന്തുണയും നല്‍കി. മധ്യ ഓവറുകളില്‍ ഇംഗ്ലണ്ട് ഒന്നു പതറി. 15 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റുകളാണ് മൈക്ക് ഡെന്നസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നഷ്ടമായത്. എന്നാല്‍, 30 പന്തില്‍ 50 റണ്‍സെടുത്ത് ക്രിസ് ഓള്‍ഡ് കളി ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ചു. നാല് ഫോറും രണ്ട് സിക്സുമാണ് ക്രിസ് അടിച്ചത്.

ആ മത്സരത്തില്‍ തനിക്ക് മാത്രം അറിയാവുന്ന ഒരു തന്ത്രമാണ് സുനില്‍ ഗവാസ്കർ അവലംബിച്ചത്.

ഉച്ചമയക്കത്തില്‍ പോലും അന്ന് ഒരു ഇന്ത്യന്‍ താരം ഈ സ്കോർ മറികടക്കാന്‍ ആകും എന്ന് സ്വപ്നം കാണില്ല. മത്സരം കൈവിട്ടു എന്ന് ഉറപ്പിച്ച നിമിഷങ്ങള്‍. പക്ഷേ, അപ്പോഴും ഒരു നേരിയ പ്രതീക്ഷ ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ അവശേഷിച്ചിരുന്നു. ആദ്യ ലോകകപ്പിലെ മത്സര നിയമപ്രകാരം, ഏതെങ്കിലും ഒരു ഗ്രൂപ്പിലെ ടീമുകള്‍ സമനിലയിലെത്തിയാല്‍ റൺ റേറ്റാകും നിർണായക ഘടകം. അതുകൊണ്ട് തന്നെ തോറ്റാലും മികച്ച റണ്‍ റേറ്റ് പടുത്തുയർത്തിയാല്‍ സെമി സാധ്യത നിലനിർത്താം. എന്നാല്‍, ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സുനില്‍ ഗവാസ്കര്‍ ഇന്ത്യയുടെ പ്രതീക്ഷകളുടെ കടയ്ക്കല്‍ കത്തിവെച്ചു.

ആ മത്സരത്തില്‍ തനിക്ക് മാത്രം അറിയാവുന്ന ഒരു തന്ത്രമാണ് സുനില്‍ ഗവാസ്കർ അവലംബിച്ചത്. ഒച്ചിന്റെ വേഗതയിലായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റിങ്. ന്യൂ ബോള്‍ ഒന്ന് പരിചയിക്കാനായിരിക്കും ഇതെന്നാണ് ആദ്യം ആരാധകർ കരുതിയത്. എന്നാല്‍, ഗവാസ്കർ ആ പതിഞ്ഞ താളം തുടർന്നതോടെ ആരാധകർ നിരാശയിലായി. അല്ല, അവർ പ്രകോപിതരായി. ഇന്ത്യന്‍ ഇന്നിങ്സ് ഒരു ദുരന്തപര്യവസാനിയാകും എന്ന് ഉറപ്പിച്ചതോടെ ചിലർ പ്രതിഷേധവുമായി ഗ്രൗണ്ടിന്റെ മധ്യത്തിലേക്ക് ഓടിയിറങ്ങി. പവലിയനില്‍ സഹതാരങ്ങളുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. അവരുടെ ശരീര ഭാഷ ഗവാസ്കറിനോട് 'ഒന്നു പൊരുതാന്‍' അപേക്ഷിച്ചുകൊണ്ടേയിരുന്നു. പിന്നീട് 'ക്രിക്കറ്റർ' മാഗസിനും റിപ്പോർട്ട് ചെയ്തത് അങ്ങനെയാണ്.

ആ ഇന്നിങ്സില്‍ ഒറ്റ ബൗണ്ടറിയാണ് സുനില്‍ ഗവാസ്കർ നേടിയത്. ഗവാസ്‌കർ 174 പന്തിൽ നിന്ന് പുറത്താകാതെ 36 റൺസ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്കോർ മൂന്നിന് 132ല്‍ ഒതുങ്ങി. ഇന്ത്യക്ക് 202 റണ്‍സിന്റെ പരാജയം. മത്സരഫലത്തില്‍ രോഷാകുലനായ ഒരു ഇന്ത്യൻ ആരാധകൻ ലോർഡ്‌സിൽ രണ്ട് പൊലീസുകാരെ ഇടിച്ചിട്ടു. ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടപ്പോഴും അയാളിലെ ക്രിക്കറ്റ് ആരാധകനിലെ 'രോഷം' അടങ്ങിക്കാണില്ല. അന്ന് അയാളടക്കം അവിടെ കൂടിയിരുന്ന എല്ലാവരും ചോദിച്ച അതേ ചോദ്യം തന്നെയാണ് ഇന്നും ഉയർന്നു കേള്‍ക്കുന്നത്. എന്തുകൊണ്ട് അങ്ങനെയൊരു ഇന്നിങ്സ്?

ഇംഗ്ലണ്ട് ഉയർത്തിയ സ്കോർ മറികടക്കാനാകില്ലെന്ന് മനസിലാക്കിയ ഗവാസ്കർ വെറുതെ പരിശീലിക്കുകയായിരുന്നു എന്നായിരുന്നു ഇന്ത്യന്‍ ടീം മാനേജർ ജി.എസ്. രാംചന്ദിന്റെ മത്സര ശേഷമുള്ള പ്രസ്താവന. ഗവാസ്കറിന്റെ തന്ത്രങ്ങളോട് താന്‍ യോജിക്കുന്നില്ലെന്നും എന്നാല്‍, അദ്ദേഹത്തിന് അച്ചടക്ക നടപടി നേരിടേണ്ടി വരില്ലെന്നും രാംചന്ദ് മാധ്യമങ്ങളെ അറിയിച്ചു. പക്ഷേ പിന്നീട് ഈ വിമർശനത്തിന്റെ മൂർച്ച രാംചന്ദ് കൂട്ടുന്നുണ്ട്. താന്‍ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അപമാനകരവും സ്വാർത്ഥവുമായ പ്രകടനമായിരുന്നു ഗവാസ്കറിന്റേത് എന്നാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

ശ്രീനിവാസ് വെങ്കടരാഘവനെ ക്യാപ്റ്റനാക്കിയതില്‍ ഗവാസ്കർ അസ്വസ്ഥനായിരുന്നെന്നും കിംവതന്തികള്‍ പരന്നിരുന്നു

പലതരം അഭ്യൂഹങ്ങളും ഗവാസ്കറിന്റെ ഇന്നിങ്സിനെ കുറിച്ച് പ്രചരിച്ചു. അതില്‍ ഏറ്റവും പ്രചാരം നേടിയത് ടീം സെലക്ഷനിലുള്ള താരത്തിന്റെ അതൃപ്തിയാണ്. പ്രത്യേകിച്ച് സ്പിന്നർമാർക്ക് പകരം സീമർമാരെ ആശ്രയിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനം. അവസാനം ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ സ്പിന്നർമാർ ദയനീയമായി പരാജയപ്പെട്ടുവെന്ന കാര്യം ഗവാസ്കർ പരിഗണിച്ചില്ല. ശ്രീനിവാസ് വെങ്കടരാഘവനെ ക്യാപ്റ്റനാക്കിയതില്‍ ഗവാസ്കർ അസ്വസ്ഥനായിരുന്നെന്നും കിംവതന്തികള്‍ പരന്നിരുന്നു.

ഇക്കാര്യങ്ങള്‍ വർഷങ്ങള്‍ക്ക് ശേഷം സംസാരിക്കുമ്പോഴും 'എന്തുകൊണ്ട് അങ്ങനെയൊരു ഇന്നിങ്സ്' എന്നതിന് ഗവാസ്കർ കൃത്യമായ ഉത്തരം നല്‍കുന്നില്ല. തന്റെ ജീവിതത്തിലെ ഏറ്റവും മോശം പ്രകടനമാണതെന്ന് പറഞ്ഞ താരം കളിക്കിടയില്‍ പലപ്പോഴും വിക്കറ്റ് ആയിരുന്നെങ്കില്‍ എന്ന് താന്‍ ചിന്തിച്ചിരുന്നതായും പറഞ്ഞു. പക്ഷേ എന്തുകൊണ്ട് എന്നതിന് വിശദീകരണങ്ങള്‍ ഉണ്ടായില്ല.

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് രണ്ടാഴ്ചകള്‍ക്ക് ശേഷം ലോർഡ്‌സിൽ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ലോകകപ്പ് ഫൈനൽ നടന്നു. ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് പ്രഥമ ലോകകപ്പ് ചാംപ്യന്മാരായി. അതിനും എത്രയോ മുന്‍പ് ഇന്ത്യ മടങ്ങിയിരുന്നു. കന്നി ലോകകപ്പ് ഇന്ത്യക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ടീം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ഈസ്റ്റ് ആഫ്രിക്കയോട് നേടിയ ആശ്വാസം ജയത്തോടെയായിരുന്നു ഇന്ത്യയുടെ മടക്കം. ഇന്ത്യയുടെ ലോകകപ്പ് ടോപ് സ്കോററോ? മൂന്ന് കളികളിൽ നിന്ന് 113 റൺസ് നേടിയ സുനിൽ ഗവാസ്‌കറും. എന്നിട്ടും, അപ്പോഴും ഇപ്പോഴും ഗവാസ്കറിന്റെ ആ കന്നി ലോകകപ്പ് ഇന്നിങ്സിനെ ആരാധകർ പഴിക്കുന്നു. അതും കാരണമറിയാതെ.

SCROLL FOR NEXT