കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് വനിതാ ക്രിക്കറ്റ് താരം എസ് സജന. ക്രിക്കറ്റ് പാഷന്‍ ആയി എടുക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇത് മികച്ച അവസരമാണെന്നും സജന ന്യൂസ് മലയാളത്തോട് പറഞ്ഞു.
രാജ്യാന്തര മത്സരങ്ങള്‍ ജീവിതം മാറ്റി മറിച്ചു വെന്നും വിമിന്‍സ് പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിക്കെതിരെ നേടിയ വിജയ സിക്‌സ് ജീവിതത്തിന്റെ ടേണിങ്ങ് പോയന്റ് ആയിരുന്നു എന്നും എസ്. സജന പറഞ്ഞു.
'കേരള വനിതാ ക്രിക്കറ്റ് ലീഗിന് കെ.സി.എ മുന്‍കൈ എടുത്തതില്‍ അഭിമാനിക്കുന്നു. ഞാന്‍ ക്രിക്കറ്റിലേക്ക് കടന്ന് വരുമ്പോള്‍ വനിത ക്രിക്കറ്റര്‍മാരെയൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാനും മിന്നു മണിയും ആശയും ജോഷിദയും നജിലയുമൊക്കെ കളിച്ച് വനിതാ ക്രിക്കറ്റ് അതിന്റെ പീക്ക് സ്റ്റേജില്‍ എത്തിയിരിക്കുകയാണ്. ഈ പ്രദര്‍ശന മത്സരം ഉള്‍പ്പടെ ക്രിക്കറ്റ് പാഷന്‍ ആയി കൊണ്ട് നടക്കുന്നവര്‍ക്ക് പ്രചോദനമാവും,' സജന പറഞ്ഞു.
തന്റെ വിജയത്തിന് പിന്നില്‍ കെ.എസി.എയുടെ പിന്തുണ തന്നെയാണെന്നും ഡബ്ല്യുപിഎല്ലിലെ സിക്‌സ് അടി ജീവിതം തന്നെ മാറ്റി മറിച്ചു. തന്റെ സ്വപ്‌നത്തിലേക്കുള്ള ചവിട്ടു പടിയായിരുന്നു ആ സിക്‌സ്. ഒരു രാത്രി കൊണ്ട് ജീവിതം മുഴുവന്‍ മാറിയെന്നും സജന പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ട് വിജയകരമായ സീസണുകള്‍ക്ക് പിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വനിതാ ക്രിക്കറ്റ് ലീഗ് ആരംഭിക്കനാരൊങ്ങുന്നത്. വനിതാ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
അടുത്ത സീസണ്‍ മുതല്‍ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്നോടിയായാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ കെസിഎ ഏഞ്ചല്‍സും കെസിഎ ക്വീന്‍സും തമ്മിലാകും മത്സരം. കെസിഎ ഏഞ്ചല്‍സിനെ ഷാനി ടിയും ക്വീന്‍സിനെ സജനയുമാണ് നയിക്കുക.