ചെന്നൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി എല്ലാവരേയും ഞെട്ടിച്ച ട്രാൻസ്ഫറായിരുന്നു മലയാളി സൂപ്പർ താരം സഞ്ജു സാംസണിൻ്റേത്. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജു സാംസൺ എല്ലാവരേയും ഞെട്ടിച്ചാണ് ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോയത്. രാജസ്ഥാൻ റോയൽസ് നായകനായിരുന്ന സഞ്ജുവിനെ ടീമിലെത്തിക്കാൻ രവീന്ദ്ര ജഡേജ, സാം കറൻ എന്നീ സൂപ്പർ താരങ്ങളെയാണ് സിഎസ്‌കെ വിട്ടുനൽകിയത്.
ഇപ്പോഴിതാ സഞ്ജു സാംസണെ സിഎസ്കെ വാങ്ങിയതിൻ്റെ യഥാർത്ഥ കാരണം മറ്റൊന്നാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്ററായ ഹനുമ വിഹാരി. സഞ്ജുവിന്റെ പ്രകടന മികവ് കണ്ടിട്ടല്ല, മറിച്ച് സഞ്ജുവിന്റെ താരമൂല്യം കണ്ടിട്ടാണ് സിഎസ്കെ അവനെ ടീമിലെടുത്തത് എന്നാണ് വിഹാരി പറയുന്നത്. മലയാളി താരമായ സഞ്ജുവിന് വലിയ ആരാധക പിന്തുണയാണുള്ളത്.
"ഐപിഎല്ലിലെ ടീം ഉടമകൾ ക്രിക്കറ്റിനപ്പുറത്ത് നിന്ന് ചിന്തിക്കുന്നവരാണ്. താരങ്ങളുടെ പ്രകടനത്തോടൊപ്പം അവരുടെ താരമൂല്യവും അതുകൊണ്ട് ടീമിനുണ്ടാകുന്ന ലാഭവും അവർ നോക്കും. സഞ്ജു ഇന്ന് വലിയ ആരാധക പിന്തുണയുള്ള താരമാണ്. ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ളവരിൽ ഒരാൾ സഞ്ജുവാണെന്ന് പറയാം. രാജസ്ഥാൻ റോയൽസിൻ്റെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തിയതിന് ശേഷം ടീമിന് വലിയ സാമ്പത്തിക നേട്ടവും ആരാധക പിന്തുണയും ലഭിച്ചിരുന്നു. സിഎസ്കെയും ഇത് തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്," ഹനുമ വിഹാരി പറഞ്ഞു.