ANI
CRICKET

സിഎസ്കെ പുറത്തേക്ക്; ക്യാപ്റ്റനും ടീമിനും കനത്ത പിഴ വിധിച്ച് ബിസിസിഐ

വ്യാഴാഴ്ച അഹമ്മദാബാദിൽ വെച്ച് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്തിനോട് 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ് : ഐപിഎൽ 2026 സീസണിൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗികമായി പ്ലേ ഓഫ് കാണാതെ പുറത്തായി. വ്യാഴാഴ്ച അഹമ്മദാബാദിൽ വെച്ച് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്തിനോട് 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. തോൽവിക്ക് പിന്നാലെ സ്ലോ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻ റുതുരാജിനും മറ്റ് ടീമംഗങ്ങൾക്കും ഐപിഎൽ ഗവേർണിംഗ് കൗൺസിൽ കനത്ത പിഴയും വിധിച്ചു. ക്യാപ്റ്റനായ റുതുരാജിന് 24 ലക്ഷമാണ് പിഴ. ഇംപാക്ട് പ്ലേയറുൾപ്പടെ മറ്റ് ടീമംഗങ്ങൾക്കെല്ലാം 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ ഈടാക്കുന്നതാണ്.

അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 230 എന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലേ വൻ തിരിച്ചടിയാണ് നേരിട്ടത്. വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി . 17 പന്തിൽ 47 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈ നിരയിൽ ആകെ പൊരുതി നിന്നത്. ബാറ്റിങ് നിര പരാജയപ്പെട്ടതോടെ ചെന്നൈ സീസണിലെ ഏറ്റവും വലിയ തോൽവികളിലൊന്നാണ് വഴങ്ങേണ്ടി വന്നത്.

മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ചെന്നൈ ടീമിനെതിരെ ഐപിഎൽ അധികൃതർ നടപടിയെടുത്തത്. ഇത് സീസണിൽ ടീം വരുത്തുന്ന രണ്ടാമത്തെ വീഴ്ച്ചയായതിനാൽ, ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ശിക്ഷ കർശനമാക്കുകയായിരുന്നു.

ഈ തോൽവിയോടെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഈ സീസണിലെ പോരാട്ടങ്ങൾക്ക് തിരശീല വീണു. എം.എസ്. ധോണിയുടെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലും, ടീമിലെ ഒട്ടുമിക്ക കളിക്കാരും തങ്ങളുടെ മികച്ച ഫോമിലോട്ട് ഉയർന്നു വരാൻ പരാജയപ്പെട്ടതിനാലും, അടുത്ത സീസണ് മുൻപായി ടീമിൽ അഴിച്ചുപണികളുണ്ടാകുമെന്നാണ് കായിക ലോകം പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT