CRICKET

IPL 2026 | തമ്പീ.. മയിൽവാഹനം, യെവൻ തലയല്ലെടാ... തലയെടുക്കിറവൻ!

തല ധോണിക്കൊപ്പം കട്ട ഫാൻ ബോയ് സഞ്ജു സാംസൺ കളിക്കാനിറങ്ങുമ്പോൾ.. ആ രംഗങ്ങൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചം സമ്മാനിക്കുമെന്നുറപ്പ്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെപ്പോക്ക്: മലയാളികൾക്ക് ഏറെ ആവേശം പകരുന്നൊരു ഐപിഎൽ സീസണാണ് ഇക്കുറി. മഞ്ഞക്കടൽ പോലുള്ള ചെപ്പോക്കിലെ ഇലക്ട്രിഫൈയിങ് അന്തരീക്ഷത്തിൽ.. ലെജൻഡായ തല ധോണിക്കൊപ്പം കട്ട ഫാൻ ബോയ് സഞ്ജു സാംസൺ കളിക്കാനിറങ്ങുമ്പോൾ.. ആ രംഗങ്ങൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചം സമ്മാനിക്കുമെന്നുറപ്പ്.

രോഹിത്തിനും കോഹ്ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ മറുപടിയേയുള്ളൂ... സഞ്ജു വിശ്വനാഥൻ സാംസൺ! ടി20 ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ വളരെ സ്പെഷ്യലായ ഇന്നിങ്സുകളിലൂടെ സഞ്ജു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകഴിഞ്ഞു. ക്രിക്കറ്റ് ലോകകപ്പിൻ്റെ ചരിത്രത്തിൽ... നോക്കൗട്ട് സ്റ്റേജിലെ അവസാനത്തെ മൂന്ന് മത്സരങ്ങളിൽ ഇത്രയും ആധികാരികമായി മുമ്പ് ആരും ബാറ്റ് ചെയ്തിട്ടില്ലെന്നതാണ് സത്യം! സാംസണെ സ്പെഷ്യലാക്കുന്നത് രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത ബാറ്റിങ്ങിലെ ആ ഒറ്റയാൾ പ്രകടനമാണ്!

പ്രതിഭാ ധാരാളിത്തത്തിന് ഒരിക്കലും കുറവൊന്നുമില്ലെങ്കിലും തുടർച്ചയായി അവസരങ്ങൾ ലഭിക്കാതെ തഴയപ്പെട്ട സഞ്ജുവിൻ്റെ കരിയർ ജേർണി... ഇന്ന് ലോകത്തിനാകെ ഇൻസ്പിരേഷനാകുന്ന ഒരു ഏടാണ്. അയാളുടെ ജീവിതം അടുത്തു നിന്ന് കണ്ട മലയാളികളായ നമുക്ക് അതൊരുപടി കൂടി കടന്ന്.. കണ്ണുനിറയ്ക്കുന്ന ഇമോഷണൽ മൊമൻ്റായിരുന്നു! ക്രിക്കറ്റിനെ ഭരിക്കുന്ന നോർത്ത് ഇന്ത്യൻ ലോബികൾക്ക് മേൽ ക്ഷമ കൊണ്ടും കഠിനാധ്വാനം കൊണ്ടും പ്രതിഭ കൊണ്ട് സഞ്ജു നേടിയ ആ വിജയം അത് നമ്മുടേത് കൂടിയാകുന്നത് അതുകൊണ്ടാണ്.

"തമ്പീ.. മയിൽവാഹനം, ഞാൻ തലയല്ലെടാ... തലയെടുക്കിറവൻ..." ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു സാംസൺ വരുമ്പോൾ ലാലേട്ടൻ്റെ ഈയൊരു തീപ്പൊരി ഡയലോഗാണ് ഓർമ വരുന്നത്. എം.എസ്. ധോണിയെന്ന ലെജൻഡിന് പകരമാകാൻ ആർക്കുമാകില്ല. എന്നാൽ യെല്ലോ ജേഴ്സിയിലൂടെ എതിരാളികളുടെ തലയെടുക്കുന്ന ലൂസിഫറാകാൻ സഞ്ജു സാംസണ് കഴിയും. അയാൾ അത് ഇതിനോടകം ലോകത്തിന് മുന്നിൽ തെളിയിച്ചും കഴിഞ്ഞു. വേൾഡ് കപ്പിലെ പ്ലേയർ ഓഫ് ദി സീരീസായി മാറിയ ശേഷം ചെന്നൈ ജേഴ്സിയിൽ ചെപ്പോക്കിൽ കളിക്കാനിറങ്ങുമ്പോൾ, അത് തമിഴ്നാടിനെ മാത്രമല്ല... ഈ രാജ്യത്തെയാകെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. 2026 ഐപിഎൽ സീസണിൽ സഞ്ജു മാനിയ ഇനി അലയടിക്കാൻ പോകുന്നതേയുള്ളൂ.

യുവത്വത്തിൻ്റെ ചുറുചുറുക്കിൽ സിഎസ്‌കെ

ചെന്നൈ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ലെജൻഡ് എം.എസ്. ധോണിയാണ്. 44 വയസുള്ള ധോണിയെ മാറ്റിനിർത്തിയാൽ ചെന്നൈ ടീമിൽ 32 വയസിന് മുകളിൽ പ്രായമുള്ളവർ ആരും തന്നെ ഇല്ല. ശ്രേയസ് ഗോപാൽ,അകേൽ ഹൊസെയ്ൻ എന്നിവർക്ക് 32 വയസാണ് പ്രായം. 31 വയസുള്ള മലയാളി താരം സഞ്ജു സാംസണും ജാമി ഓവർട്ടണുമാണ് തൊട്ടു താഴെയുള്ളവർ. ചെന്നൈ ടീമിലെ ബാക്കിയുള്ള താരങ്ങളെല്ലാം 30 വയസിൽ താഴെ പ്രായമുള്ളവരാണ്.

വിദേശനിരയും മികച്ചത്

ഇംഗ്ലണ്ടിൻ്റെ പേസ് ബൗളറായ ജാമീ ഓവർട്ടൺ, വിൻഡീസ് ഇടങ്കയ്യൻ സ്പിന്നർ അകീൽ ഹൊസെയ്ൻ, ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റർ ഡിവാൾഡ് ബ്രെവിസ്, ഓസ്ട്രേലിയൻ യോർക്കർ സ്പെഷ്യലിസ്റ്റും പേസറുമായ നഥാൻ എല്ലിസ്, കീവിസുകാരനായ മീഡിയം പേസർ മാറ്റ് ഹെൻറി, ഓസീസ് ഓൾറൗണ്ടറായ മാത്യു ഷോർട്ട് എന്നിവർ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശക്തികേന്ദ്രങ്ങളാണ്.

ചെന്നൈ സൂപ്പർ കിങ്സ് ടീം

അകീൽ ഹൊസെയ്ൻ, അമൻ ഖാൻ, അൻഷുൽ കാംബോജ്, ആയുഷ് മാത്രെ, ഡിവാൾഡ് ബ്രെവിസ്, ഗുർജപ്നീത് സിങ്, ജാമീ ഓവർട്ടൺ, കാർത്തിക് ശർമ, ഖലീൽ അഹമ്മദ്, മാറ്റ് ഹെൻറി, മാത്യു ഷോർട്ട്, എം.എസ്. ധോണി, മുകേഷ് ചൗധരി, നൂർ അഹമ്മദ്, പ്രശാന്ത് വീർ, രാഹുൽ ചഹാർ, രാമകൃഷ്ണ ഘോഷ്, റുതുരാജ് ഗെയ്ക്ക്‌വാദ്, സഞ്ജു സാംസൺ, സർഫറാസ് ഖാൻ, ശിവം ദുബെ, ശ്രേയസ് ഗോപാൽ, ഉർവിൽ പട്ടേൽ, സാക് ഫോക്സ്.

SCROLL FOR NEXT