CRICKET

കുതിപ്പ് തുടര്‍ന്ന് കൊല്‍ക്കത്ത; ഡല്‍ഹിയെ തകര്‍ത്ത് മുന്നേറ്റം

14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്തയുടെ വിജയം

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അപരാജിത കുതിപ്പ് തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ വിജയം. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് ഡല്‍ഹി നേടിയത്. 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഫിന്‍ ആലെന്റെ കരുത്തില്‍ അതിവേഗം ലക്ഷ്യം കണ്ടു. 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്തയുടെ വിജയം.

തകര്‍പ്പന്‍ ഫോമിലായിരുന്ന ഫിന്‍ ആലെന്‍ 47 പന്തില്‍ നിന്ന് 10 സിക്‌സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ പുറത്താകാതെ 107 റണ്‍സാണ് നേടിയത്.

പാതും നിസങ്കയുടെ അര്‍ധസെഞ്ചുറിയുടെയും (29 പന്തില്‍ 50) അഷുതോഷ് ശര്‍മ്മയുടെ (28 പന്തില്‍ 39) പോരാട്ടവീര്യത്തിന്റെയും കരുത്തിലാണ് ഡല്‍ഹി 142 റണ്‍സില്‍ എത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ കെ.എല്‍ രാഹുലും (23) നിസങ്കയും ചേര്‍ന്ന് 49 റണ്‍സിന്റെ വെടിക്കെട്ട് തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. അഞ്ചാം ഓവറില്‍ രാഹുല്‍ പുറത്തായെങ്കിലും നിസങ്ക പിടിച്ചു നിന്നു. എന്നാല്‍ നിസങ്ക പുറത്തായതോടെ ഡല്‍ഹിയുടെ താളം തെറ്റി. അവസാന ഓവറുകളില്‍ അഷുതോഷ് ശര്‍മ്മ നടത്തിയ പോരാട്ടമാണ് ഡല്‍ഹി സ്‌കോര്‍ 140 കടത്തിയത്. 29 പന്തില്‍ 50 റണ്‍സെടുത്ത നിസങ്കയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ഡല്‍ഹിക്കു വേണ്ടി നിതീഷ് റാണ (6), സമീര്‍ റിസ്വി (3), ട്രിസ്റ്റണ്‍ സ്റ്റബ്സ് (2) എന്നിവര്‍ക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല.

ജയത്തോടെ ഒമ്പത് പോയിന്റോടെ കൊല്‍ക്കത്ത ഏഴാമതായി. കൊല്‍ക്കത്തയുടെ പത്ത് മത്സരങ്ങളാണ് പൂര്‍ത്തിയായത്.

SCROLL FOR NEXT