വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന ഐപിഎൽ എലിമിനേറ്റർ മത്സരത്തിനിടെ എതിർ ടീമിൻ്റെ നായകനായ ഹാർദിക് പാണ്ഡ്യക്ക് ഹസ്തദാനം നൽകിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ. മത്സരത്തിൽ മുംബൈയോട് തോറ്റ് ഗുജറാത്ത് ടൂർണമെൻ്റിൽ നിന്ന് പുറത്തായതിന് ഒരു ദിവസത്തിനിപ്പുറമാണ് സോഷ്യൽ മീഡിയയിലൂടെ ഗിൽ വിമർശകർക്ക് മറുപടി നൽകിയത്.
നിർണായകമായ മത്സരത്തിനിടെ ടോസിനിടയിലെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം ആരംഭിച്ചത്. വീഡിയോയിൽ ഹാർദിക് പാണ്ഡ്യ ഹസ്തദാനം നൽകാനായി കൈ നീട്ടുകയും ഗിൽ അത് ശ്രദ്ധിക്കാതെ കടന്നുപോകുകയും ചെയ്തു. ഇതോടെ നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ഇരു നായകർക്കുമിടയിൽ വഴക്കുണ്ടെന്ന തരത്തിൽ വാർത്ത പ്രചരിച്ചത്.
മുൻ ടീമംഗവും ഗുജറാത്തിന് കിരീടം നേടിക്കൊടുത്ത നായകനുമായ പാണ്ഡ്യയോട് ഗുജറാത്തിൻ്റെ നിലവിലെ നായകനായ ശുഭ്മാൻ ഗിൽ കാണിച്ചത് മര്യാദ കേടായിപ്പോയി എന്നാണ് ആരാധകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. ഗിൽ പാണ്ഡ്യയെ മനഃപ്പൂർവം അവഗണിച്ചതാണെന്നും ചിലർ വ്യാഖ്യാനിച്ചു. ഇതിനു പുറമെ, മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ഗിൽ ഒരു റണ്ണിന് പുറത്തായപ്പോൾ മുംബൈ നായകനായ പാണ്ഡ്യ ആവേശത്തോടെ ആഘോഷിക്കുന്നതും കണ്ടു. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
അതേസമയം, സോഷ്യൽ മീഡിയയിലെ ഗില്ലിൻ്റെ പ്രതികരണം ഊഹാപോഹങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ്. "ഞങ്ങൾക്കിടയിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ല. ഇൻ്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുത്," എന്ന സന്ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗിൽ ഇത് വ്യക്തമാക്കിയത്.