ലോർഡ്സ് ടെസ്റ്റിൽ ജേതാക്കളായ ഇംഗ്ലീഷ് താരങ്ങളുടെ ആഹ്ളാദ പ്രകടനം Source: X/ England Cricket
CRICKET

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം; പരിചയസമ്പന്നനായ ഓൾറൗണ്ടറെ കളത്തിലിറക്കും

സ്പിന്നിന് അനുകൂലമായ ഒരു പ്രതലത്തിൽ പുതിയ താരത്തിന് തിളങ്ങാനാകും.

Author : ന്യൂസ് ഡെസ്ക്

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നിർണായകമായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം. പരിക്കേറ്റ ഷോയിബ് ബഷീറിന് പകരം ഓൾറൗണ്ടർ ലിയാം ഡോസൺ ആണ് ടീമിൽ ഇടം നേടിയത്.

കൗണ്ടി ടീമായ ഹാംഷെയറിൻ്റെ ഓൾറൗണ്ടറായ ഡോസൺ ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ലിയാം ഡോസണിൻ്റെ സാന്നിധ്യം ഇംഗ്ലണ്ടിൻ്റെ ബാറ്റിംഗിന് ആഴം കൂട്ടും.

2017 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഡോസൺ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്നത്. സ്പിന്നിന് അനുകൂലമായ ഒരു പ്രതലത്തിൽ അദ്ദേഹത്തിന് തിളങ്ങാനാകും. "അദ്ദേഹം ഒരു തന്ത്രശാലിയായ കുറുക്കനാണ്. വളരെ പരിചയസമ്പന്നനും വളരെ കഴിവുള്ളതുമായ ഒരു ക്രിക്കറ്റ് താരമാണ്. അദ്ദേഹം എല്ലായിടത്തും കളിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെയും കളിച്ചിട്ടുമുണ്ട്. അതിനാൽ ഈ ആഴ്ച ഡോസണ് അതിശയകരമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു," ടീമിലെ സഹതാരം ഹാരി ബ്രൂക്ക് പറഞ്ഞു.

"ഡോസൺ വളരെ മികച്ചൊരു ബാറ്റ്സ്മാനാണ്. ഏകദേശം 20 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഇത് ഞങ്ങളുടെ ബാറ്റിംഗിലെ കരുത്ത് വർധിപ്പിക്കുന്നു. ടീമിനായി എപ്പോഴും പോരാടാൻ അദ്ദേഹം തയ്യാറാണ്. ഡോസൺ വളരെ മത്സരബുദ്ധി ഉള്ളവനാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരിക്കുന്നത് നല്ലതാണ്," ബ്രൂക്ക് പറഞ്ഞു.

35കാരനായ ലിയാം ഡോസൺ സ്ഥിരതയാർന്ന പ്രകടനങ്ങളാൽ 2023ലും 2024ലും പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ്റെ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടിയിരുന്നു.

നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം:

സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒലീ പോപ്പ് (വൈസ് വൈസ് ക്യാപ്ടൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്ടൻ) ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.

SCROLL FOR NEXT