ജീവന്‍മരണ പോരാട്ടത്തില്‍ പാകിസ്ഥാന് നിരാശ. സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ പാക് പടയ്ക്ക് ജയിക്കാനായില്ല. രണ്ട് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്ത ഇംഗ്ലണ്ട് ടി20 ലോകകപ്പില്‍ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി.
പല്ലെകെലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരം പാകിസ്ഥാനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ തോറ്റാല്‍ സെമി മോഹങ്ങള്‍ ഏറെക്കുറേ അസ്തമിക്കും. ആശങ്കപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു.
നേരത്തേ, മഴ മൂലം ന്യൂസിലന്‍ഡുമായുള്ള മത്സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. ആകെ ഒരു പോയിന്റ് മാത്രമാണ് പാകിസ്ഥാന് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായ ഇന്നത്തെ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഹാരി ബ്രൂക്കാണ് പാകിസ്ഥാനെ അടിച്ചു തകര്‍ത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീമിന് ആദ്യം തിരിച്ചടി നേരിട്ടിരുന്നു. ഷഹീന്‍ അഫ്രീദി ഫില്‍ സാള്‍ട്ടിനെ പുറത്താക്കി പാകിസ്ഥാന് ആത്മവിശ്വാസവും നല്‍കിയിരുന്നു. പിന്നാലെ എത്തിയ ജോസ് ബട്‌ലറും വന്ന പോലെ മടങ്ങി.
17-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജേക്കബ് ബെത്തല്‍(8), ടോം ബാന്റണ്‍(2) എന്നിവരും നിരാശപ്പെടുത്തി. ബ്രൂക്കിന്റെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ഇംഗ്ലണ്ട് ജയിച്ചു കയറിയത്. 28 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം പത്താം ഓവറില്‍ അമ്പത് പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. അടുത്ത പന്തില്‍ പുറത്താകുകയും ചെയ്തു. ജോഫ്ര ആര്‍ച്ചറാണ് ഫോറടിച്ച് ടീമിനെ ജയിപ്പിച്ചത്.
പാകിസ്ഥാനു വേണ്ടി ഷഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 45 പന്തില്‍ 63 റണ്‍സാണ് ഷഹിബ്‌സാദ നേടിയത്. ബാബര്‍ അസം(25), ഫഖര്‍ സമാന്‍(25), ശദബ് ഖാന്‍(23) റണ്‍സ് നേടി.
ഇംഗ്ലണ്ടിനു വേണ്ടി ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്‍ടണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.