വിജയാഘോഷത്തില്‍ ജോസ് ബട്‌ലറും ലിയാം ഡോസനും  Source: X/ England Cricket
CRICKET

തിരിച്ചുവരവ് ആഘോഷമാക്കി ഡോസന്‍; വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം

ജോസ് ബട്‌ലറുടെ തകർപ്പന്‍ ബാറ്റിങ്ങിന്റെയും ലിയാം ഡോസന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെയും കരുത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം

Author : ന്യൂസ് ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ജയത്തോടെ തുടക്കം. ജോസ് ബട്‌ലറുടെ തകർപ്പന്‍ ബാറ്റിങ്ങിന്റെയും ലിയാം ഡോസന്റെ നാല് വിക്കറ്റ് നേട്ടത്തിന്റെയും കരുത്തിലായിരുന്നു ജയം. 21 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫില്‍ സോള്‍ട്ടിന്റെ അഭാവത്തില്‍ ജയ്മി സ്മിത്താണ് ഓപ്പണ്‍ ചെയ്തത്. 20 പന്തില്‍ 38 റണ്‍സെടുത്താണ് ജയ്മി പുറത്തായത്. റൊമാരിയോ ഷെപ്പേർഡിന്റെ പന്തില്‍ ഷെർഫെയ്ൻ റൂഥർഫോർഡ് ക്യാച്ചെടുക്കുകയായിരുന്നു. ജയ്മിക്കൊപ്പം ഇറങ്ങിയ ബെന്‍ ഡക്കറ്റിന്റെ (1) വിക്കറ്റും ഷെപ്പേർഡിനായിരുന്നു.

എന്നാല്‍ പിന്നാലെയെത്തിയ ജോസ് ബട്‌ലർ ടീമിനെ കൈപിടിച്ചുകയറ്റി. മൂന്നാമനായി ഇറങ്ങിയ ബട്‍ലർ പതിയെയാണ് കളി ആരംഭിച്ചത്. വിക്കറ്റിന്റെ പേസ് മനസിലാക്കിയ ബട്‍ലർ റസല്‍ എറിഞ്ഞ അഞ്ചാം ഓവറിലാണ് കത്തിക്കയറിയത്.

വേഗതയേറിയ റസലിന്റെ പന്തുകളിലെ ലെങ്തിലെ പാളിച്ചകള്‍ ബട്‌ലർ പ്രയോജനപ്പെടുത്തി. 22 റണ്‍സാണ് ആ ഓവറില്‍ റസല്‍ വഴങ്ങിയത്. 40 പന്തില്‍ 79 റണ്‍സാണ് ബട്‍‌‌ലർ-ജെയ്മി കൂട്ടുകെട്ടില്‍ പിറന്നത്. എന്നാല്‍, പിന്നീട് അങ്ങോട്ട് വിക്കറ്റ് ലക്ഷ്യമാക്കി വെസ്റ്റ് ഇന്‍ഡീസ് ബൗളർമാർ പന്തെറിയാന്‍ ആരംഭിച്ചു. പിന്നാലെ, ജെയ്മി സ്മിത്ത് (20 പന്തിൽ 38), ഹാരി ബ്രൂക്ക് (5 പന്തിൽ 6), മടോം ബാന്റൺ (4 പന്തിൽ 3) എന്നിവരെ പെട്ടെന്ന് തന്നെ പുറത്താക്കാനും അവർക്ക് സാധിച്ചു.

സെഞ്ചുറിയുടെ അരികിലെത്തി നില്‍‌ക്കെയാണ് ജോസ് ബട്‌ലർ പുറത്താകുന്നത്. 59 പന്തില്‍ 96 റണ്‍സാണ് താരം നേടിയത്. അതില്‍ ആറ് ബൗണ്ടറിയും നാല് സിക്സും ഉള്‍പ്പെടുന്നു. 162.71 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ബട്‌ലറിന്റെ മികവിലാണ് ഇംഗ്ലണ്ടിന്റെ സ്കോർ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സില്‍ എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍‌ഡീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ വേഗത കുറഞ്ഞ പന്തുകളെ നേരിടാന്‍ അവർ ബുദ്ധിമുട്ടി. അപ്പോഴാണ് ഇടം കയ്യന്‍ സ്പിന്നർ ലിയാം ഡോസന്റെ വരവ്. 15 പന്തില്‍ 18 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സായിരുന്നു (18) ഡോസന്റെ ആദ്യ വിക്കറ്റ്. പിന്നാലെ, റോസ്റ്റൺ ചേസ് (24), ഷെർഫെയ്ൻ റൂഥർഫോർഡ് (2), റോവ്മാൻ പവൽ (13) എന്നിവരുടെ വിക്കറ്റും ഡോസന്‍ വീഴ്ത്തി. ഇംഗ്ലണ്ടിനായി മാത്യു പോട്സും ജേക്കബ് ബെഥേലും രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇംഗ്ലണ്ടിന്റെ ടി20 വിജയം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലാണ്.

SCROLL FOR NEXT