അഞ്ച് മത്സരങ്ങളുള്ള ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തിയിരിക്കുകയാണ്. ലീഡ്സിലെ ആദ്യ ടെസ്റ്റും ലോർഡ്സിലെ മൂന്നാം ടെസ്റ്റും ഇംഗ്ലണ്ട് ജയിച്ചപ്പോൾ, ബർമിങ്ഹാമിലെ രണ്ടാം ടെസ്റ്റിൽ ആധികാരിക ജയത്തോടെ ഇന്ത്യ മുന്നേറിയിരുന്നു. അവസാന ദിനം വാലറ്റക്കാരെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നയിച്ച പോരാട്ടവും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരിക്കലും മറക്കാനിടയില്ല.
തുല്യശക്തികളുടെ പോരാട്ടത്തിനാണ് ലോർഡ്‌സ് ടെസ്റ്റ് സാക്ഷ്യം വഹിച്ചതെങ്കിലും ബൗളർമാരെ അതിരറ്റ് സഹായിച്ച പിച്ചിൽ ഇംഗ്ലണ്ട് ബൗളർമാർ തിളങ്ങിയെന്നതാണ് പ്രധാനം. ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ലഭിച്ച ടോസിൻ്റെ ആനുകൂല്യം നന്നായി മുതലെടുത്തുവെന്ന് മനസിലാക്കാം.
ബാറ്റ് കൊണ്ടും ബോളു കൊണ്ടും തിളങ്ങാനായതോടെ അർഹിച്ച പോലെ തന്നെ കളിയിലെ കേമനായും സ്റ്റോക്സ് മാറി. രണ്ടിന്നിങ്സിലുമായി അഞ്ച് വിക്കറ്റുകളും.. 33, 44 എന്നിങ്ങനെ വ്യക്തിഗത സ്കോറുകളുമാണ് സ്റ്റോക്സ് നേടിയതെങ്കിലും നായകനെന്ന നിലയിലും അദ്ദേഹം മികച്ചുനിന്നുവെന്ന് വ്യക്തം.
1. രണ്ടാമിന്നിങ്സിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 193 റൺസാണ്. എന്നാൽ ഇന്തയുടേത് ഡിഫൻസീവ് സമീപനമായിരുന്നു. ഇന്ത്യൻ ബാറ്റർമാരുടെ ഷോട്ട് സെലക്ഷനാണ് ഇംഗ്ലണ്ട് പേസർമാർക്ക് മത്സരത്തിൽ ആധിപത്യം പുലർത്താൻ അവസരം നൽകിയത്. എന്നാൽ ഇന്ത്യൻ നിരയിൽ പ്രതിരോധിച്ചത് രവീന്ദ്ര ജഡേജയും കെ.എൽ. രാഹുലുമാണ്. മറ്റാർക്കും ഇംഗ്ലീഷ് പേസർമാരെ പ്രതിരോധിക്കാൻ പോലുമായില്ലെന്നതാണ് വാസ്തവം.
2. ഇന്ത്യൻ നായകൻ റിഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം ആദ്യ ഇന്നിങ്സിലെ പ്രകടനം മികച്ചതായിരുന്നു. പരമ്പരയിലുടനീളം മികച്ച ഫോമിലുള്ള പന്ത് 74 റൺസാണ് നേടിയത്. ഒന്നാമിന്നിങ്സിൽ അനാവശ്യമായി റണ്ണൗട്ടായാണ് താരം പുറത്തായത്. ആ ഘട്ടത്തിൽ ഇന്ത്യയുടെ സ്കോർ 248/4 എന്ന നിലയിലായിരുന്നു. ഈ റണ്ണൗട്ടോട് കൂടിയാണ് ഇന്ത്യയുടെ കൈകളിൽ നിന്ന് മത്സരത്തിൻ്റെ മേധാവിത്തം നഷ്ടമായത്.
3. ഇന്ത്യൻ ബാറ്റർമാരിൽ മുന്നേറ്റനിരയും വാലറ്റവും ഒരുപോലെ നിരാശപ്പെടുത്തുന്നതാണ് ലോർഡ്സിൽ കണ്ടത്. ജയ്സ്വാൾ, കരുൺ നായർ എന്നിവരെല്ലാം പരമ്പരയിൽ മോശം ഫോമിലാണ്. ആകാശ് ദീപിനെ നൈറ്റ് വാച്ച്മാനായി ക്രീസിലേക്ക് അയക്കാനുള്ള ഇന്ത്യയുടെ തന്ത്രവും പാളി.
4. ഒന്നാമിന്നിങ്സിൽ മുഹമ്മദ് സിറാജിൻ്റെ പന്തിൽ ഇംഗ്ലീഷ് മധ്യനിര ബാറ്റർ ജെയ്മി സ്മിത്ത് നൽകിയ ക്യാച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ വിട്ടുകളഞ്ഞിരുന്നു. 51 പന്തിൽ 56 റൺസെടുത്ത് താരം കളിയിൽ ഇംഗ്ലണ്ടിന് നിർണായകമായ ആധിപത്യം സമ്മാനിച്ചു. 265/5 എന്ന സ്കോറിൽ നിന്നും 355/7 എന്ന ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത് ജെയ്മിയാണ്.
5. ആദ്യ ഇന്നിംഗ്സിൽ 31 എക്സ്ട്രാകളും രണ്ടാം ഇന്നിംഗ്സിൽ 32 എക്സ്ട്രാകളും ഇന്ത്യൻ ബൗളർമാർ വഴങ്ങി. മത്സരത്തിലാകെ 63 എക്സ്ട്രാ റണ്ണുകൾ ഇന്ത്യ എതിരാളികൾക്ക് സമ്മാനിച്ചു. ഇത് അവസാനം ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചു.