അങ്ങനെ കാത്തിരുന്ന ആവേശപ്പോരാട്ടം ഇന്ന് നടക്കുകയാണ്. ആശങ്കകള്‍ക്കും അവ്യക്തതകള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പിലെ സൂപ്പര്‍ ക്ലാസിക് പോരാട്ടം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്കാണ് ഇന്ത്യ-പാക് മത്സരം.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണി അവസാന നിമിഷമാണ് ഒഴിവായത്. എല്ലാം ശരിയായെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് അടുത്ത വില്ലന്‍, മഴ!. കൊളംബോയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.
ക്ലാസിക് പോരാട്ടത്തിന് മഴ വെല്ലുവിളിയാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മഴയ്ക്ക് 93 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇതിനിടയിലാണ്, പാകിസ്ഥാന്‍ മുന്‍ താരത്തിന്റെ വിചിത്രമായ പ്രതികരണം വരുന്നത്. ഇന്ന് എങ്ങനെയെങ്കിലും മഴ പെയ്താല്‍ മതിയെന്നാണ് മുന്‍ താരം ബാസിത് അലി പറഞ്ഞത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചയിലായിരുന്നു ബാസിത് അലിയുടെ പ്രതികരണം.
മത്സരം നടക്കണോ എന്ന ചോദ്യത്തിന് മഴ മതിയെന്നായിരുന്നു ബാസിതിന്റെ മറുപടി. ഇന്ന് മഴ പെയ്യണേ എന്നാണ് ദൈവത്തോടുള്ള പ്രാര്‍ഥനയെന്നും ബാസിത് പറഞ്ഞു.
മഴ മൂലം മത്സരം തടസപ്പെട്ടാല്‍
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ കളി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കില്ല. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കു മാത്രമേ റിസര്‍വേ ഉള്ളൂ. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഒരു ഫലമുണ്ടാകണമെങ്കില്‍ ഇരു ടീമുകളും കുറഞ്ഞത് 5 ഓവര്‍ വീതമെങ്കിലും ബാറ്റ് ചെയ്യണം. മഴ കാരണം സമയം നഷ്ടപ്പെട്ടാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കി കളി നടത്താന്‍ ശ്രമിക്കും.
ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയാവുകയും രണ്ടാമത്തെ ഇന്നിംഗ്‌സിനിടെ മഴ വില്ലനാവുകയും ചെയ്താല്‍, കുറഞ്ഞത് 5 ഓവര്‍ എറിഞ്ഞിട്ടുണ്ടെങ്കില്‍ ഡക്ക്വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ (ഡിഎല്‍എസ്) നിയമപ്രകാരം വിജയികളെ തീരുമാനിക്കും.
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീമിന് സൂപ്പര്‍ 8 യോഗ്യത ഏകദേശം ഉറപ്പിക്കാനാകും. മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും 5 പോയിന്റ് വീതമാകും. ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്ന് ഇരു ടീമുകളും സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പിക്കും.