മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ കോച്ചായി പുതിയ ആളെ തെരഞ്ഞെടുക്കുമെന്ന മാധ്യമ വാർത്തകൾ തള്ളി ബിസിസിഐ. ഗൗതം ഗംഭീർ കോച്ചായി ചുമതലയേറ്റ് ഒരു വർഷത്തിനകം രണ്ട് നിർണായക ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ നാട്ടിൽ തോറ്റത്. ഇതിന് പുറമെ ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നാണംകെട്ടിരുന്നു.
വി.വി.എസ്. ലക്ഷ്മൺ ഇന്ത്യയുടെ ടെസ്റ്റ് കോച്ചായി ഉടൻ ചുമതലയേൽക്കും എന്ന വാർത്തകൾ തള്ളിയിരിക്കുകയാണ് ബിസിസിഐ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബിസിസിഐ വൃത്തം ഇക്കാര്യം വിശദമാക്കിയത്.
ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പുനഃസംഘടിപ്പിക്കാൻ ഗംഭീറിന് ഇനിയും സമയം നൽകാൻ ഒരുക്കമാണെന്നാണ് നിലവിൽ ബിസിസിഐയുടെയും ചീഫ് സെലക്ടർ അജിത് അഗാർക്കറിൻ്റെയും നിലപാടെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന, ടി20 പരമ്പരകൾക്ക് ശേഷം മാനേജ്മെൻ്റ് തലത്തിലുള്ള നിർണായക യോഗം ചേരുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.
"ഗൗതം ഗംഭീറിന് പകരക്കാരനെ ഇപ്പോൾ ഞങ്ങൾ നോക്കുന്നില്ല. അദ്ദേഹം ഒരു ടീമിനെ പുനർനിർമിക്കുകയാണ്. 2027 ലോകകപ്പ് വരെയാണ് ഗംഭീറിൻ്റെ കരാർ," ബിസിസിഐ വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു. "ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ അവസാനം ടീം മാനേജ്‌മെന്റും സെലക്ടർമാരും തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടാകും. ടെസ്റ്റ് ടീമിൻ്റെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഗംഭീറിനോട് ചോദിക്കും," വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഗംഭീറിനെ ന്യായീകരിച്ച് കൊണ്ട് മുൻ ഇന്ത്യൻ ക്രിക്കറ്റർ സുനിൽ ഗവാസ്കറും രംഗത്തെത്തി. "ഗംഭീർ ഒരു പരിശീലകനാണ്. പരിശീലകന് ഒരു ടീമിനെ തയ്യാറാക്കാൻ കഴിയും. അനുഭവപരിചയമുള്ള ഒരു വ്യക്തിയെ പരിശീലകന് കളിപ്പിക്കാൻ കഴിയും. പക്ഷേ, കളിക്കാർ നൽകേണ്ടത് ഗ്രൗണ്ടിൻ്റെ മധ്യത്തിലാണ്. അദ്ദേഹത്തിന് കീഴിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി നേടിയപ്പോഴും, ഏഷ്യാ കപ്പ് നേടിയപ്പോഴും നിങ്ങൾ എന്താണ് ഈ ചോദ്യം ചോദിക്കാത്തത്?," ഗവാസ്കർ ചോദിച്ചു.