വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ജൂനിയര്‍ ഹോക്കി മത്സരം. അതില്‍ ഒരു പെണ്‍കുട്ടിയുടെ പ്രകടനം കണ്ട് ഒളിമ്പ്യന്‍ ജോക്വിം കാര്‍വാലോ പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ഈ പെണ്‍കുട്ടി ഹോക്കിയില്‍ ഉറച്ചു നിന്നാല്‍ ഒരിക്കല്‍ ഇന്ത്യക്കു വേണ്ടി കളിക്കും'. പക്ഷേ, ആ പെണ്‍കുട്ടി ഹോക്കിയില്‍ ഉറച്ചു നിന്നില്ല, പക്ഷേ ഇന്ത്യക്കു വേണ്ടി കളിച്ചു, ഹോക്കിയിലല്ല, ക്രിക്കറ്റില്‍. വനിതാ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയെ ഫൈനലില്‍ എത്തിച്ച ടീമിന്റെ വിജയ ശില്‍പ്പിയായ ജെമീമ റോഡ്രിഗസ്.
ഇന്ത്യന്‍ ഹോക്കിയുടെ നഷ്ടമാണ് ജെമീമ റോഡ്രിഗ്‌സ്. പക്ഷേ, ആ നഷ്ടം ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടമായി മാറി.
ജെമീമയ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് പിതാവ് ഇവാന്‍ റോഡ്രിഗസ് മകളേയും കൂട്ടി പൂനെയിലെ ബാലെവാഡി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലേക്ക് പോകുന്നത്. ആ സമയത്ത് ക്രിക്കറ്റും ഹോക്കിയും അവളുടെ ഇഷ്ട കായിക ഇനമായിരുന്നു. മഹാരാഷ്ട്ര അണ്ടര്‍ 19 ഹോക്കി ട്രയല്‍സ് കാണാനായിരുന്നു മകളേയും കൂട്ടി കായിക പരിശീലകനായ ഇവാന്‍ അവിടെയെത്തിയത്. സ്‌പോര്‍ട്‌സ് സെലക്ഷന്‍ എങ്ങനെയാണെന്ന് മകളെ പഠിപ്പിക്കാനായിരുന്നു ആ യാത്ര. പക്ഷെ, ആ സന്ദര്‍ശനം ഒരു നിമിത്തമായി.
അവിടെ വെച്ച് അവിചാരിതമായി ജെമീമയ്ക്കു ഒരു ബോള്‍ നേരിടേണ്ടി വന്നു. ആ പന്തിനെ റിവേഴ്സ്-സ്‌കൂപ്പ് ചെയ്ത് വലത് വശത്തെ കോര്‍ണറിലേക്ക് അടിച്ചു. ആ പന്ത്രണ്ടുകാരിയുടെ പ്രകടനം കണ്ടവരെല്ലാം അന്ന് അത്ഭുതപ്പെട്ടു, ആ പെണ്‍കുട്ടി ആരാണെന്ന് അന്വേഷിച്ചു, ആരായാലും ആ പെണ്‍കുട്ടിയെ മഹാരാഷ്ട്ര ടീമിന് ആവശ്യമുണ്ടെന്ന് സെലക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു.
അതായിരുന്നു തുടക്കം. സ്‌കൂളിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ ടീമംഗമായിരുന്ന മഹാരാഷ്ട്ര അണ്ടര്‍ 17 ഫീല്‍ഡ് ഹോക്കി താരമായിരുന്ന പെണ്‍കുട്ടി പിന്നാലെ ക്രിക്കറ്റിലേക്കും വരവറിയിച്ചു. ഒന്നിലധികം കായിക ഇനത്തില്‍ കഴിവ് തെളിയിച്ചതിന്റെ ഗുണമെല്ലാം ലഭിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനായിരുന്നു.
ഹോക്കിയും ഫുട്‌ബോളും ബാസ്‌ക്കറ്റ്‌ബോളുമെല്ലാം ജെമീമയെ ഓള്‍റൗണ്ടര്‍ കായികതാരമാക്കി വാര്‍ത്തെടുത്തു. ഇത് ജെമീമ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. നല്ല കായികക്ഷമതയും ചടുലതയും വേണ്ട കായിക ഇനമാണ് ഹോക്കി. ഹോക്കിയിലെ നിരന്തരമായ ഓട്ടത്തിലൂടെ ലഭിച്ച കായികക്ഷമത ക്രിക്കറ്റില്‍ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിനും ഫീല്‍ഡിങ്ങിലെ ചടുലതയ്ക്കും സഹായകമായി. ഹോക്കി സ്റ്റിക്കിന്റെ ഉപയോഗം മെച്ചപ്പെടുത്തിയ കൈത്തണ്ടയുടെ ചലനങ്ങള്‍, ക്രിക്കറ്റിലെ ഫ്‌ലിക്ക് ഷോട്ടുകള്‍ക്കും മികച്ച ബാറ്റിംഗ് സ്‌ട്രോക്കുകള്‍ക്കും സഹായകമായി. വ്യത്യസ്ത കായിക ഇനങ്ങളില്‍ പങ്കെടുത്തതിലൂടെ ധൈര്യം ക്രിക്കറ്റിലെ വലിയ മത്സരങ്ങളിലെ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചു.
ഈ ഓള്‍റൗണ്ട് കഴിവുകളാണ് ജെമിമ റോഡ്രിഗസിനെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഒരു പ്രധാന താരമാക്കി മാറ്റിയത്. പന്ത്രണ്ടാം വയസ്സു മുതല്‍ ജെമീമ മഹാരാഷ്ട്രയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ കളിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം സൗരാഷ്ട്രയ്‌ക്കെതിരെ 163 പന്തില്‍ ഇരട്ട സെഞ്ചുറി (202) അടിച്ചുകൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചു. സ്മൃതി മന്ദാനയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന ഖ്യാതിയും നേടി.
ഈ പ്രകടനത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ജെമീമയെ ശ്രദ്ധിച്ചു തുടങ്ങിയത്. കരിയറില്‍ ഉയര്‍ച്ചകള്‍ മാത്രം അവകാശപ്പെടാനുള്ള താരമല്ല ജെമീമ. 2022 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ കരിയറിലെ ഏറ്റവും വലിയ തിരിച്ചടി താരം നേരിട്ടു. ജീവിതത്തിലെ ഏറ്റവും പ്രയാസകമായ സമയമായിരുന്നു അതെന്ന് പിന്നീട് ജെമീമ തന്നെ പറയുന്നുണ്ട്. തുടര്‍ന്നങ്ങോട്ടുള്ള നാളുകള്‍ വീണ്ടെടുക്കലിന്റേതും ബോധ്യപ്പെടുത്തലിന്റേയും നാളുകളായിരുന്നു.
ആഭ്യന്തര ലീഗുകളിലും വിദേശ ഫ്രാഞ്ചൈസി ലീഗുകളിലും (WBBL, The Hundred) കളിച്ച് ഫോം വീണ്ടെടുത്തു. ആ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (217) നേടിയ താരമായി തിരിച്ചുവരവ് അറിയിച്ചു, സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് ജെമീമ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു.
2025 ലോകകപ്പിന്റെ തുടക്കത്തില്‍ മോശം പ്രകടനം മൂലം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിന്നും ജെമീമയെ ഒഴിവാക്കിയിരുന്നു. ഈ സമയത്ത് അനുഭവിച്ച ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും എത്രത്തോളമുണ്ടെന്ന് വികാരാധീനയായിട്ടാണ് ജെമീമ പറഞ്ഞത്. കരിയറിലെ ഏറ്റവും വലിയ തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷിയായത്, ഒരു സെഞ്ചുറിക്കു വേണ്ടിയല്ല, ജയിക്കാന്‍ വേണ്ടിയാണ് കളിച്ചതെന്നായിരുന്നു മത്സര ശേഷം താരത്തിന്റെ വാക്കുകള്‍.
വീണിടത്തു നിന്ന് സര്‍വശക്തിയുമെടുത്ത് തിരിച്ചുവരുന്നവരാണ് യഥാര്‍ത്ഥ സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ എന്ന് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ മാസ്റ്റര്‍ ക്ലാസ് പ്രകടനത്തിലൂടെ ജെമീമ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.