സഞ്ജു സാംസൺ Source: Facebook/ Sanju Samson
CRICKET

ഇന്ത്യൻ ഡ്രസിങ് റൂമിൽ കേരള താരങ്ങളെക്കുറിച്ച് മികച്ച അഭിപ്രായം; അഞ്ച് വർഷത്തിനകം കെസിഎൽ രാജ്യത്തെ നമ്പർ വൺ ലീ​ഗാകും: സഞ്ജു സാംസൺ

ഐപിഎൽ കഴിഞ്ഞ് വലിയൊരു ബ്രേക്കിന് ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരവും ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍

Author : ന്യൂസ് ഡെസ്ക്

ഐപിഎൽ കഴിഞ്ഞ് വലിയൊരു ബ്രേക്കിന് ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരവും ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലാണ് താരത്തെ അവസാനമായി കണ്ടത്. സഞ്ജുവിൻ്റെ മടങ്ങിവരവ് അടുത്ത മാസം തുടങ്ങാനിരിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിലൂടെയാണ്.

കേരള ക്രിക്കറ്റ് ലീ​ഗ് അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടൂർണമെന്റായി മാറുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീ​ഗിന്റെ രണ്ടാം പതിപ്പിൻ്റെ ​ഗ്രാൻഡ് ലോഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സഞ്ജു. ഇന്ത്യൻ ഡ്രസിങ് റൂമിൽ കേരള താരങ്ങളുടെ കഴിവിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഉള്ളതെന്നും സഞ്ജു പറഞ്ഞു.

"കേരളത്തിലെ താരങ്ങളുടെ കഴിവാണ് കെസിഎല്ലിൻ്റെ ഭാവി. ഇന്ത്യൻ ഡ്രസിങ് റൂമിൽ തന്നെ കേരളത്തിലെ താരങ്ങളുടെ കഴിവിനെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. താരങ്ങളുടെ കഴിവ് പുറത്തെടുക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കെസിഎൽ എന്നൊരു വേദി ഒരുക്കിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികച്ച ലീ​ഗായി കെസിഎൽ മാറുമെന്നാണ് എൻ്റെ പ്രതീക്ഷ," സഞ്ജു സാംസൺ പറഞ്ഞു.

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിൽ സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായാണ് കളത്തിലിറങ്ങുക. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് സ്വന്തമാക്കിയത്. ലേലത്തിൽ തൃശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതിൽ തൃശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി കനത്ത മത്സരം നടന്നു. ഒടുവിൽ താരത്തെ കൊച്ചി സ്വന്തമാക്കുകയായിരുന്നു.

SCROLL FOR NEXT