Source: X/ ICC
CRICKET

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര് നേടും? വിജയികളെ പ്രഖ്യാപിച്ച് എഐ

ടെസ്റ്റില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഇന്ത്യക്ക് മേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ആധിപത്യമുണ്ടെന്ന് കാണാം.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം തുടങ്ങാനിരിക്കുന്നത്. അതിനു ശേഷം രണ്ടാമങ്കം ഈ മാസം 22 മുതല്‍ ഗുവാഹത്തിയിലും നടക്കും. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ ശക്തമായ ടീമിനെയാണ് നിലവിലെ ചാംപ്യന്മാർക്കെതിരെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.

ടെസ്റ്റില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഇന്ത്യക്ക് മേല്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ ആധിപത്യമുണ്ടെന്ന് കാണാം. 44 ടെസ്റ്റുകളിലാണ് ഇരു ടീമുകളും ഇതിനോടകം ഏറ്റുമുട്ടിയത്. ഇതില്‍ പതിനെട്ടിലും ജയം ദക്ഷിണാഫ്രിക്കയാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാനായത് 16 ടെസ്റ്റുകളാണ്. 10 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു.

എന്നാല്‍, നാട്ടില്‍ കളിച്ചിട്ടുള്ള ടെസ്റ്റുകള്‍ നോക്കിയാല്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇവിടെ 19 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ പതിനൊന്നിലും ഇന്ത്യ ജയിച്ചുകയറി. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായത് അഞ്ചെണ്ണം മാത്രം. മൂന്ന് കളികള്‍ ഉപേക്ഷിക്കുകയും ചെയ്തു.

ടെംബ ബവുമയ്ക്ക് കീഴിലാണ് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ കൂടിയായ ദക്ഷിണാഫ്രിക്ക കളിക്കാനെത്തുന്നത്. അതേസമയം, രണ്ട് ടെസ്റ്റുകളുടെ വാശിയേറിയ പോരാട്ടത്തിൽ വിജയികളെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ എഐ.

ദക്ഷിണാഫ്രിക്കയുമായുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരും എന്നാണ് എഐ ടൂളായ ഗ്രോക്കിൻ്റെ (Grokk) പ്രവചനം. ശക്തമായ സ്പിന്‍ ബൗളിങും കരുത്തുറ്റ ബാറ്റിങ് ലൈനപ്പമാണ് ഇന്ത്യക്ക് പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നത്.

ആദ്യ ടെസ്റ്റിന് വേദിയാവുന്ന ഈഡൻ ഗാർഡൻസിലെ ടേണിങ് ട്രാക്കില്‍ സ്പിന്നർമാര്‍ ടീമിനായി മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കാര്യമായ വെല്ലുവിളിയില്ലാതെ ആധികാരികമായി തന്നെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചുകയറും. പക്ഷേ, ഗുഹാവത്തിയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇഞ്ചോടിഞ്ചാവും.

ഇവിടുത്തെ പിച്ചിലെ ബൗണ്‍സായിരിക്കും ഇതിന് കാരണം. പിച്ചില്‍ നിന്നുള്ള തുടക്കത്തിലെ ഈര്‍പ്പം മുതലാക്കാന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞാല്‍ ഈ ടെസ്റ്റില്‍ ജയിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സമനിലയിലാക്കാം. പക്ഷെ പരമ്പരയാകെ നോക്കുമ്പോള്‍ സന്ദർശകർക്ക് കാര്യമായ സാധ്യതയില്ലെന്നാണ് എഐ പ്രവചനം.

SCROLL FOR NEXT