അഹമ്മദാബാദ്: തിലക് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 200 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി.
അഞ്ചാം നമ്പറില്‍ ഇറങ്ങിയ തിലക് വര്‍മയാണ് മുംബൈയുടെ സ്റ്റാര്‍ ബാറ്റര്‍. 45 റണ്‍സില്‍ പുറത്താകാതെ 101 റണ്‍സാണ് തിലക് അടിച്ചു കൂട്ടിയത്. ഇന്നിങ്‌സിലെ അവസാന പന്തിലാണ് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എട്ട് ഫോറും 7 സിക്‌സറുകളുമാണ് തിലകിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ഇന്നിങ്‌സിലെ അവസാന ആറ് ഓവറില്‍ മാത്രം 82 റണ്‍സാണ് തിലക് അടിച്ചുവീഴ്ത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ പുതിയ റെക്കോര്‍ഡാണിത്. 2022-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരം ക്വിന്റണ്‍ ഡി കോക്ക് നേടിയ 80 റണ്‍സിന്റെ റെക്കോര്‍ഡാണ് തിലക് മറികടന്നത്.
45 പന്തിലെ സെഞ്ച്വറി നേട്ടത്തോടെ സനത് ജയസൂര്യയുടെ റെക്കോര്‍ഡിനൊപ്പവും തിലക് സ്വന്തം പേര് എഴുതിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സിനു വേണ്ടി 2008 ല്‍ സിഎസ്‌കെയ്ക്ക് എതിരെയാണ് ജയസൂര്യ 45 പന്തില്‍ സെഞ്ച്വറി നേടിയത്.
ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതര്‍ച്ചയിലാണ് മുംബൈ ഇന്ത്യന്‍സ് തുടങ്ങിയത്. പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ഡാനിഷ് മലേവാര്‍ രണ്ട് റണ്‍സ് എടുത്ത് പുറത്തായി. കാഗിസോ റബാഡയുടെ തകര്‍പ്പന്‍ സ്‌പെല്ലില്‍ ക്വിന്റണ്‍ ഡി കോക്ക് (13), സൂര്യകുമാര്‍ യാദവ് (15) യും പുറത്തായി.
ഇതോടെ, 44-3 എന്ന നിലയിലായിരുന്നു മുംബൈ. നാലാം വിക്കറ്റില്‍ നമാന്‍ ധിര്‍-തിലക് വര്‍മ കൂട്ടുകെട്ടാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. സ്‌കോര്‍ 96 ല്‍ എത്തി നില്‍ക്കുമ്പോഴാണ് നമാന്‍ പുറത്താകുന്നത്. 32 പന്തില്‍ നിന്ന് 45 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ശേഷം ഹാര്‍ദിക് പാണ്ഡ്യയും തിലകും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. നമന്‍ ധീര്‍ (45), ഹാര്‍ദിക് പാണ്ഡ്യ (15) എന്നിവര്‍ മാത്രമാണ് തിലകിനെ കൂടാതെ അല്‍പ്പമെങ്കിലും സ്‌കോര്‍ ചെയ്തത്.
5 മത്സരങ്ങളില്‍ ഒരു ജയവും മാത്രമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും ഇറങ്ങിയത്. മുംബൈയോട് സ്വന്തം നാട്ടില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും അവര്‍ക്കുണ്ട്.