കൊളംബോ: ഏഷ്യ കപ്പിലെ ചൂട് പിടിച്ച ഹസ്തദാന വിവാദത്തിൻ്റെ ചുവടുപിടിച്ച് വനിതാ ലോകകപ്പിലും പാകിസ്ഥാൻ കൈ കൊടുക്കാതെ ഇന്ത്യ. വനിതാ ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇരു ക്യാപ്റ്റൻമാരും ഹസ്തദാനത്തിന് തയ്യാറായില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.
കൊളംബോയിൽ നടക്കുന്ന വനിതാ ലോകകപ്പ് 2025 മത്സരത്തിൽ ടോസിന് പിന്നാലെ ക്യാപ്റ്റൻമാരായ ഹർമൻപ്രീത് കൗറും ഫാത്തിമ സനയും ഹസ്തദാനം ഒഴിവാക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്.
കളിക്കളത്തിലെ അനാവശ്യമായ സംഭവങ്ങൾ ഒഴിവാക്കാൻ ഐസിസി മാച്ച് ഒഫീഷ്യലുകൾ മത്സര ദിനത്തിൽ പ്രോട്ടോക്കോളുകളെ കുറിച്ച് ഇരു ടീമുകളെയും പ്രത്യേകം ബോധവൽക്കരിച്ചിരുന്നു.
നേരത്തെ ഇന്ത്യ ചാംപ്യന്മാരായ ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകിയിരുന്നില്ല. ബിസിസിഐ നിർദ്ദേശത്തെ തുടർന്ന് വനിതാ താരങ്ങളും പാകിസ്ഥാനോട് ഇതേ നിലപാട് തുടരുകയായിരുന്നു.
വനിതാ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശിനോട് പരാജയപ്പെട്ട പാകിസ്ഥാന് ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്.