ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 131 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചത്. 2024 ല്‍ ഇന്ത്യന്‍ ടീം കിരീടം നേടിയപ്പോള്‍ നല്‍കിയ റെക്കോര്‍ഡ് തുക തിരുത്തിയാണ് ഇക്കുറിയുള്ള പ്രഖ്യാപനം. രോഹിത് ശര്‍മയുടെ ടീമിന് 125 കോടി രൂപയായിരുന്നു പാരിതോഷികം നല്‍കിയത്.
ഈ ലോകകപ്പില്‍ ഒരൊറ്റ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ തോല്‍വി അറിഞ്ഞത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് സൂര്യകുമാര്‍ യാദവും സംഘവും കിരീടം നിലനിര്‍ത്തിയത്. ബിസിസിഐ പ്രഖ്യാപിച്ച 131 കോടി രൂപ പാരിതോഷികം ആര്‍ക്കൊക്കെ ലഭിക്കും എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച.
പിടിഐ റിപ്പോര്‍ട്ട് പ്രകാരം 15 അംഗ ടീമിനു പുറമെ, കോച്ചിങ് സ്റ്റാഫുകള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും 131 കോടിയില്‍ ഒരു വിഹിതം ലഭിക്കും. തുകയുടെ സിംഹഭാഗവും ടീമംഗങ്ങള്‍ക്കായിരിക്കും ലഭിക്കുക. സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് പദവികള്‍ക്കനുസരിച്ചുള്ള തുക ലഭിക്കും.
ബിസിസിഐയുടെ പാരിതോഷികത്തിനു പുറമെ, ഐസിസിയില്‍ നിന്നും ഇന്ത്യന്‍ ടീമിന് സമ്മാനത്തുക ലഭിക്കും. 21.5 കോടി രൂപയാകും ഐസിസിയില്‍ നിന്ന് ലഭിക്കുക. റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് 10.75 കോടി രൂപയും ലഭിക്കും.