CRICKET

ടി20 ലോകകപ്പിന് പാകിസ്ഥാനുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഔദ്യോഗിക ഗാനത്തിലുണ്ട്

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകളെ ഉള്‍പ്പെടുത്തിയാണ് 'ഫീല്‍ ദ ത്രില്‍' എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പിന് പാകിസ്ഥാന്‍ ഉണ്ടാകുമോ? തീരുമാനം ഇന്നല്ലെങ്കില്‍ അടുത്ത തിങ്കളാഴ്ച പറയുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി അറിയിച്ചത്. പറഞ്ഞ രണ്ട് ദിവസങ്ങളില്‍ ഒന്ന് ഇന്ന് അവസാനിക്കുകയാണ്. ഈ സമയം വരെ പാകിസ്ഥാന്‍ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല.

പാകിസ്ഥാന്‍ അന്തിമ തീരുമാനം പറഞ്ഞാലും ഇല്ലെങ്കിലും ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുകയാണ് ഐസിസി. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ടീമുകളെ ഉള്‍പ്പെടുത്തിയാണ് 'ഫീല്‍ ദ ത്രില്‍' എന്ന ഗാനം പുറത്തിറക്കിയിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ചിട്ടപ്പെടുത്തിയതും പാടിയതും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്. ഗാനത്തിലെ ഇംഗ്ലീഷ് വരികള്‍ ഹൈസന്‍ബര്‍ഗും ഹിന്ദി വരികള്‍ റഖീബ് ആലമും ചേര്‍ന്നാണ് ഒരുക്കിയത്.

ഇതിനിടയില്‍ ടൂര്‍ണമെന്റിലെ അംപയര്‍മാരുടെ പട്ടികയും ഐസിസി പുറത്തുവിട്ടിരുന്നു. ഗാനമൊക്കെ പുറത്തിറങ്ങി, ലോകകപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും ടൂര്‍ണമെന്റിനെ കുറിച്ചുള്ള ആരാധകരുടെ ആശങ്ക തുടരുകയാണ്.

ഇന്ത്യയില്‍ മത്സരിക്കാന്‍ വരില്ലെന്ന നിലപാടിനെ തുടര്‍ന്ന് ഐസിസി ഒഴിവാക്കിയ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ മത്സരം ബഹിഷ്‌കരിച്ചേക്കുമെന്ന് പ്രഖ്യാപിച്ചത്. ടീമിനെ പ്രഖ്യാപിച്ചെങ്കിലും കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാക് പ്രധാനമന്ത്രിയുമായി മുഹ്‌സിന്‍ നഖ്‌വി ചര്‍ച്ചയും നടത്തിയിരുന്നു.

ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയാല്‍ കടുത്ത തിരിച്ചടി നേരിടുമെന്ന് ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐസിസിയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാര്‍ഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളര്‍ (ഏകദേശം 966 കോടി രൂപ) ഐസിസി തടഞ്ഞുവയ്ക്കും.

കൂടാതെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കളിക്കാന്‍ വിദേശ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കില്ല. ഇത് പാക് ക്രിക്കറ്റ് ലീഗിന്റെ വാണിജ്യ മൂല്യം തകര്‍ക്കാനിടയാക്കും. കൂടാതെ വരാനിരിക്കുന്ന ഏഷ്യാ കപ്പുകളില്‍ നിന്നും ഐസിസി പാകിസ്ഥാനെ വിലക്കിയേക്കും. കൂടാതെ മറ്റു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകളും റദ്ദാക്കപ്പെടും.

SCROLL FOR NEXT