ഡൽഹി: ടി20 ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ... അപ്പോൾ ഒറ്റ ചോദ്യം... ഇന്ത്യൻ മണ്ണിൽ ട്വൻ്റി20 ലോകകപ്പ് ഉയർത്തുന്ന ആ ഭാഗ്യശാലികൾ ആരാകും? ഫെബ്രുവരി 7ന് ടൂർണമെൻ്റിന് തുടക്കം കുറിക്കുമ്പോൾ 20 ടീമുകൾ ഉണ്ടായിരുന്നെങ്കിൽ... ഇപ്പോൾ അത് എട്ടിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. ടി20 ലോകകപ്പ് അതിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരങ്ങൾ ഒന്നുകൂടി കടുക്കുകയാണ്.
സൂപ്പർ 8ലേക്ക് വരുമ്പോൾ കാര്യങ്ങൾ അത്ര പന്തിയല്ല. ടൂർണമെൻ്റിൽ മിന്നും ഫോമിൽ കളിച്ച നാല് ടീമുകൾ ഒരേ ഗ്രൂപ്പിൽ കൊമ്പുകോർക്കുമ്പോൾ ആരാധകരിൽ പലരും കടുത്ത ആശങ്കയിലാണ്. ആദ്യ റൗണ്ടിലെ ടി20 പോരാട്ടങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും ഒരേ ഗ്രൂപ്പിൽ പോരടിക്കാനെത്തുന്നത് ലോകകപ്പിൻ്റെ ആവേശം ഇരട്ടിയാക്കും. ആകെയുള്ള 12 സൂപ്പർ 8 മത്സരങ്ങൾക്കൊടുവിൽ ടൂർണമെൻ്റിലെ തന്നെ മികച്ച രണ്ട് ടീമുകൾ പുറത്തേക്ക് പോകുമെന്നത് സംഘാടനത്തിലെ ചെറിയൊരു പാളിച്ചയാണെന്ന് പറയേണ്ടി വരും. രണ്ടാം സ്ഥാനക്കാരെ മാത്രം മറ്റൊരു ഗ്രൂപ്പിലാക്കിയത് പലരുടേയും നെറ്റി ചുളിപ്പിക്കുന്നുണ്ട്.
മാർച്ച് എട്ടിനാണ് ലോകകപ്പിൻ്റെ ഭാഗ്യശാലികളെ തേടുന്ന വാശിയേറിയ കലാശപ്പോര്. അതിന് മുന്നോടിയായി 4, 5 തീയതികളിൽ സെമി ഫൈനൽ പോരാട്ടങ്ങളും അരങ്ങേറും. എന്നാൽ ഇതുവരെയുള്ള പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ സെമി ഫൈനലിന് യോഗ്യത നേടുന്ന മികച്ച നാല് ടീമുകൾ ആരൊക്കെയാണെന്ന് ഈ വീഡിയോയുടെ അവസാനം ഞാനൊരു പ്രവചനം കൂടി നടത്താം കേട്ടോ...
നിലവിലെ സൂപ്പർ 8 ഫോർമാറ്റ് പരിഗണിക്കുമ്പോൾ.. ഗ്രൂപ്പ് ഒന്നിലേയും ഗ്രൂപ്പ് രണ്ടിലേയും മികച്ച രണ്ട് ടീമുകൾ വീതം സെമി ഫൈനലിലേക്ക് മുന്നേറും. അതായത് പ്രാഥമിക റൗണ്ടിലെ മത്സര ഫലങ്ങൾക്ക് ഈ റൗണ്ടിൽ കാര്യമായ പ്രസക്തിയില്ലെന്ന് ചുരുക്കം. നാല് ടീമുകളുള്ള ഓരോ ഗ്രൂപ്പിലേയും... എല്ലാ ടീമുകൾക്കും മൂന്ന് വീതം മത്സരങ്ങൾ കളിക്കാനാണ് അവസരം ലഭിക്കുക. അതായത് ഇനി നടക്കുന്നത് ലോകകപ്പിലെ ജീവന്മരണ പോരാട്ടങ്ങളാണ്.
മൈറ്റി ഓസീസിനേയും ശ്രീലങ്കയേയും അട്ടിമറിച്ചെത്തുന്ന ആഫ്രിക്കൻ ശക്തികളായ സിംബാബ്‌വെ പഴയ പ്രതാപകാലത്തിൻ്റെ ഓർമകളാണ് ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിക്കുന്നത്. ഗ്രൂപ്പ് ഒന്നിൽ സിംബാബ്‌വെയുടെ സർപ്രൈസ് എൻട്രി എതിരാളികളുടെ ഉറക്കം കെടുത്തുന്നുണ്ട്. വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ടിരുന്ന ഫ്ലവർ സഹോദരങ്ങളുടെയും ഹീത്ത് സ്ട്രീക്കിനെ പോലുള്ള മികവുറ്റ ഓൾറൗണ്ടർമാരുടെയും പഴയ ഗരിമ ഉയർത്തിപ്പിടിച്ചാണ് സിംബാബ്‌വെ ഈ ലോകകപ്പിലെ കറുത്ത കുതിരകളാകുന്നത്.
സിക്കന്ദർ റാസ നയിക്കുന്ന സിംബാബ്‌വെ ടീമിൽ ഒരുപിടി മികവുറ്റ ഓൾറൗണ്ടർമാരുടെ സാന്നിധ്യം കാണാം. ക്യാപ്റ്റൻ റാസയ്ക്ക് പുറമെ റയാൻ ബേൾ, വെല്ലിങ്ടൺ മസകാഡ്‌സ എന്നിവർ ബാറ്റു കൊണ്ടും ബോളു കൊണ്ടും എതിരാളികളെ മുറിവേൽപ്പിക്കാൻ കരുത്തുള്ളവരുടെ സംഘമാണ്. ടൂർണമെൻ്റിൽ മികച്ച ഫോമിൽ ബാറ്റുവീശുന്ന ബ്രയാൻ ബെന്നറ്റ്, തടിവനാഷെ മരുമാനി എന്നീ ബാറ്റർമാരേയും എതിരാളികൾ ഭയന്നു തുടങ്ങിയിട്ടുണ്ട്. ബ്ലെസിങ് മുസറബാനി, ബ്രാഡ് ഇവാൻസ്, ഗ്രഹാം ക്രീമർ എന്നീ വിക്കറ്റ് ടേക്കിങ് ബൗളർമാർ കൂടി ചേരുന്നതോടെ റെഡ് ആൻഡ് യെല്ലോ ജേഴ്സിക്കാർ അത്യന്തം അപകടകാരികളായി മാറും.
സാക്ഷാൽ ഓസീസിനെ മുട്ടുകുത്തിച്ച ആഫ്രിക്കൻ ശക്തികൾക്ക് മുന്നിൽ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും വിൻഡീസിനും പിടിച്ചുനിൽക്കാനാകുമോ? കണ്ടറിയാം നിങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്! രണ്ട് തവണ ടി20 ലോക ജേതാക്കളായ വിൻഡീസിനേയും എഴുതിത്തള്ളാൻ വരട്ടെ. കിരീടപ്പോരിൽ ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് കരീബിൻ യുവനിര തെളിയിക്കുന്നുണ്ട്.
സൂപ്പർ 8ലെ ഗ്രൂപ്പ് ഒന്നിൽ നിന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യയും തന്നെയാണ് സെമി ഉറപ്പിക്കാൻ ശേഷിയുള്ള രണ്ട് വമ്പന്മാർ. 2024ലെ ലോകകപ്പ് ഫൈനലിൽ കൈവിട്ട കന്നി കിരീടമെന്ന സ്വപ്നത്തിലേക്ക് പ്രോട്ടീസ് പട മുന്നേറുമെന്നത് ഉറപ്പാണ്. ആഫ്രിക്കൻ, കരീബിയൻ വെല്ലുവിളികളെ മറികടന്ന് വേണം ടീം ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാൻ. എന്നാൽ അഭിഷേകിൻ്റെയും തിലക് വർമയുടെയും ഫോം ഇല്ലായ്മ ഇന്ത്യക്ക് തിരിച്ചടിയാണ്.
ഗ്രൂപ്പ് രണ്ടിൽ നിന്നും ന്യൂസിലൻഡും പാകിസ്ഥാനുമാണ് അവസാന നാലിലേക്ക് കുതിക്കാൻ ശേഷിയുള്ള ടീമുകൾ. ആദ്യ റൗണ്ടിൽ സ്കോട്ട്‌ലൻഡും ഇറ്റലിയും നേപ്പാളും വിൻഡീസും ചേർന്ന് വെള്ളം കുടിപ്പിച്ച് വിട്ട ഇംഗ്ലണ്ടിന്... സെമിയിലേക്ക് മുന്നേറാൻ നിലവിലെ ഈ ശരാശരി പ്രകടനം മാത്രം തുടർന്നാൽ മതിയാകില്ല.
ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് പിന്നാലെ രണ്ടാമതെത്തിയ പാകിസ്ഥാനെ തെല്ലും വിലകുറച്ച് കാണുന്നത് ശരിയല്ല. നിർണായക ഐസിസി ടൂർണമെൻ്റുകളിൽ അവർ വമ്പൻ തിരിച്ചുവരവ് നടത്തുന്നതിൽ പേരെടുത്ത ടീം തന്നെയാണ്. ഓൾറൗണ്ടർമാരുടെ കൂട്ടമായ കീവീസ് പടയ്ക്ക്.. ഇന്ത്യൻ സാഹര്യങ്ങളിൽ ഒരു ടീമായി ഒത്തൊരുമിച്ച് പോരടിക്കാൻ സാധിച്ചാൽ... സെമി ബർത്ത് അനായാസം കൂടെ പോരും!