ഇതിഹാസങ്ങൾക്കൊപ്പം ഇരിപ്പിടമുറപ്പിച്ച് ഇന്ത്യൻ പെൺപട. കപിൽ ദേവിനും മഹേന്ദ്രസിംഗ് ധോണിക്കും രോഹിത് ശർമയ്ക്കും ശേഷം ലോകകിരീടം ചൂടുന്ന ക്യാപ്റ്റനായി ഹർമൻ പ്രീത് കൗർ. നൂറ്റിനാല്പത്തിയഞ്ച് കോടി ജനങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച്, ഒരായിരം ചോദ്യങ്ങൾക്ക് മറുപടിയായി കിരീടം സമ്മാനിക്കുകയാണ് ഇന്ത്യൻ വനിതാ ടീം.
നവിമുംബൈയുടെ ആകാശത്ത് ഇന്ത്യൻ വിജയത്തിന്റെ ആഘോഷപൂത്തിരികൾ വിരിഞ്ഞപ്പോൾ പിറന്നത് പുതു ചരിത്രം. സഹതാരങ്ങളുടെ കയ്യിലേക്ക് ഒരു കളിപ്പാട്ടം പോലെ ലോകകിരീടം സമ്മാനിച്ച് ഹർമൻ പ്രീത് ഉറപ്പിക്കുന്നത് ചരിത്രത്തിൽ ഇതുവരെ വിരലിൽ എണ്ണാവുന്നവർക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന നേട്ടം. കപ്പലിന്റെ ചെകുത്താന്മാരും, ധോണിപ്പടയും, രോഹിതിന്റെ കുട്ടികളും രാജ്യത്തിന് നൽകിയ സമ്മാനം ഹർമൻ ബ്രിഗേഡും സമ്മാനിച്ചിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ലോക കിരീടം.
ഒട്ടും എളുപ്പമല്ലാത്ത ആ യാത്രയിൽ താണ്ടിയ കനൽവഴികളുടെ നോവ് ഹർമൻ പ്രീത് എന്ന നായികയുടെ കണ്ണുകളിൽ തിളങ്ങി. ആവേശം ഒട്ടും ചോരാതെ ആയിരകണക്കിന് ആരാധകർ തെരുവിൽ ഹർമൻ പ്രീതിന്റെ നേട്ടവും ആഘോഷിക്കുകയാണ്. വനിതാ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങൾക്കൊപ്പം പാഡണിഞ്ഞപ്പോൾ സഫലമാകാതെ പോയ കിരീടമാണ് ക്യാപ്റ്റനായിരിക്കെ ഹർമൻ സ്വന്തമാക്കിയത്.
ലോകകപ്പ് കൊണ്ടുവന്ന നായികമാരുടെ നിരയിൽ തലയുയർത്തി ഹർമനും നിൽക്കാം. ഏത് അളവുകോലിൽ അളന്നാലും ഒപ്പത്തിനൊപ്പം നിൽക്കുന്ന നേട്ടം. ഇത് അവസാനമല്ല, വരാനിരിക്കുന്ന നേട്ടങ്ങളുടെ തുടക്കമാണ്. നാളെ ബാറ്റേന്താൻ കാത്തിരിക്കുന്ന, പാഡണിയുന്നത് സ്വപ്നം കാണുന്ന ഇന്ത്യയിലെ നൂറുകണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമാണ്. രോഹിത്തിനെയും, ധോണിയേയും മാതൃകയാക്കുന്ന, കപ്പലിനെ ഹൃദയത്തിൽ ചേർക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഹർമൻപ്രീത് സിംഗ് എന്ന പേര് ഇനി അവഗണിക്കാനാകില്ല. വനിതാ ഏകദിനത്തിലെ ലോകകിരീട നേട്ടം വിസ്മരിക്കപ്പെട്ടുപോയ ചരിത്രലേഖകർക്കുള്ള മധുരപ്രതികാരം കൂടിയാണ്.